മൈസൂരു നന്തി ഹിൽസിൽ മയൂര സൺറൈസ് റസ്റ്റാറന്റ് ടൂറിസം മന്ത്രി കെ.ജെ.ജോർജ്ജ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്നു
മൈസൂരു: വിനോദ സഞ്ചാര വികസന ടൂറിസം വകുപ്പിന് കീഴിലുള്ള മയൂര ഹോട്ടലുകളെ സംസ്ഥാന സർക്കാർ നവീകരിക്കുമെന്ന് ടൂറിസം മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. കർണാടക സംസ്ഥാന ടൂറിസം വികസന കോർപറേഷൻ (കെ.എസ്.ടി.ഡി.സി) നന്തി ഹിൽസിൽ നിർമ്മിച്ച മയൂര സൺറൈസ് റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർണാടകയിലെ ഏറ്റവും മനോഹരവും ജനപ്രിയവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കെ.എസ്.ടി.ഡി.സിക്ക് ജംഗിൾ ലോഡ്ജ്-റിസോർട്ടുകൾ സ്വന്തമായുണ്ടെങ്കിലും ഇവയിൽ പല ആസ്തികൾക്കും ഇതുവരെ പൂർണ്ണ ശേഷി കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ജോർജ് പറഞ്ഞു. ചിക്കമഗളൂരുവിലെ താജ് ഗ്രൂപ്പുമായുള്ള സഹകരണത്തോടെ ടൂറിസം വകുപ്പ് അതിന്റെ ആസ്തികൾ നവീകരിക്കുന്നതിന് പ്രമുഖ കമ്പനികളിൽ നിന്നുള്ള മികച്ച രീതികൾ സ്വീകരിക്കും.
മയൂര ഹോട്ടലുകളുടെയും മറ്റ് വകുപ്പ് സ്വത്തുക്കളുടെയും നവീകരണത്തിനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനായി പ്രമുഖ ഹോട്ടലുടമകൾ, ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകൾ, ടൂറിസം വിദഗ്ധർ എന്നിവരടങ്ങുന്ന വിദഗ്ദ്ധ ഉപദേശക സമിതിയെ മന്ത്രി പ്രഖ്യാപിച്ചു. ശിപാർശകളുടെ അടിസ്ഥാനത്തിൽ മയൂര ഹോട്ടലുകളുടെ രൂപകൽപന, അതിഥി മുറികൾ, ഭക്ഷണ പാനീയ സേവനങ്ങൾ, പ്രവർത്തനങ്ങൾ, ഉപഭോക്തൃ അനുഭവം, മൊത്തത്തിലുള്ള മാനേജ്മെന്റ് മാനദണ്ഡങ്ങൾ എന്നിവ ഘട്ടംഘട്ടമായി നവീകരിക്കുമെന്നും സ്വത്തുക്കൾ സർക്കാർ ഉടമസ്ഥതയിൽ തന്നെ തുടരുമെന്നും ജോർജ് കൂട്ടിച്ചേർത്തു.
നന്ദി ഹിൽസിലെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സർക്കാർ സമഗ്രമായ മൊബിലിറ്റി പ്ലാൻ തയ്യാറാക്കുന്നുണ്ട്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും സ്വകാര്യ വാഹന പ്രവേശനം നിയന്ത്രിക്കും.
പ്രദേശത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി റോപ്പ്‌വേ പദ്ധതി വേഗത്തിലാക്കുമെന്ന് മന്ത്രി ജോർജ് പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ അനുമതികൾ സുഗമമാക്കുന്നതിന് ന്യൂഡൽഹിയിൽ സമർപ്പിത ഏകോപന സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ടൂറിസം വകുപ്പ് സെക്രട്ടറി വി. റാം പ്രസാത് മനോഹർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.