ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത പിലിക്കുള ബയോളജിക്കൽ പാർക്ക് വനം വകുപ്പിന് കൈമാറുമെന്ന് കർണാടക സർക്കാർ ഹൈകോടതിയെ അറിയിച്ചു. പാർക്കിന് സമീപം കമ്പള പരിപാടികൾ നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പീപ്ൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പെറ്റ) സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സർക്കാർ അഭിഭാഷകൻ നിലപാടറിയിച്ചത്.
ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് കെ.എസ്. ഹേമലേഖ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ബുധനാഴ്ച കേസ് പരിഗണിച്ചു.മൃഗശാല വനം വകുപ്പിന് കൈമാറുമെന്ന് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ. ശശികിരൺ ഷെട്ടി ബോധിപ്പിച്ചു.
മൃഗശാലയുടെ നടത്തിപ്പ് സംബന്ധിച്ച് വനം വകുപ്പും പിലിക്കുള വികസന അതോറിറ്റിയും സംസ്ഥാന മൃഗശാല അതോറിറ്റിയും തമ്മിൽ ഔപചാരിക കരാറിൽ ഏർപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
മൃഗശാലയിലെ 652 മൃഗങ്ങളുടെ സുരക്ഷയും ക്ഷേമവും സർക്കാറിന്റെ പ്രഥമ പരിഗണനയായി തുടരും. പിലിക്കുള മൃഗശാല വനം വകുപ്പിന് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര മൃഗശാല അതോറിറ്റിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. വാദങ്ങൾ കേട്ട ശേഷം നിർദിഷ്ട കൈമാറ്റ പ്രക്രിയ വ്യക്തമാക്കാൻ ബെഞ്ച് സംസ്ഥാന സർക്കാറിനോട് നിർദേശിച്ചു. മൃഗശാല പരിസരത്തും അവിടെ സൂക്ഷിച്ചിരിക്കുന്ന മൃഗങ്ങളിലും മാത്രമായി കൈമാറ്റം പരിമിതപ്പെടുത്തുമോ അതോ മുഴുവൻ ബയോളജിക്കൽ പാർക്കിലേക്കും വ്യാപിപ്പിക്കുമോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കോടതി ആവശ്യപ്പെട്ടു.കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി കേസ് സെപ്റ്റംബർ ഒന്നിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.