മംഗളൂരു: ഉഡുപ്പി ജില്ലയിൽ കിരിമഞ്ചേശ്വര ഗ്രാമത്തിലെ ഹൊസാഹിത്ലു ബീച്ചിൽ മൂന്ന് സ്കൂൾ കുട്ടികൾ മുങ്ങിമരിച്ചു. പ്രദേശവാസികളായ സി. സങ്കേത് (16), എം. സൂരജ് (15), കെ. ആശിഷ് (14) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അപകടത്തിൽ പെട്ട ഇവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച കണ്ടെടുത്തു. നീന്താൻ പോയ കുട്ടികൾ ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു.
ഉഡുപ്പി കുന്താപുരം മേഖലയിൽ ഒരു മാസത്തിനകം റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ബീച്ച് ദുരന്തമാണിത്. കഴിഞ്ഞ മാസം ഏഴിന് ഗോപടിയിലെ ചാർക്കികാട് ബീച്ചിൽ ബംഗളൂരുവിൽ നിന്നുള്ള മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചിരുന്നു. ഈ മാസം മൂന്നിന് മറവാന്തെയിലെ മാരസ്വാമി ക്ഷേത്ര ബീച്ചിന് സമീപം ഒഴുക്കിൽപ്പെട്ട ബംഗളൂരുവിൽനിന്നുള്ള രണ്ട് വിദ്യാർഥികളെ കെ.എൻ.ഡി ഉദ്യോഗസ്ഥർ രക്ഷിച്ചു.
കഴിഞ്ഞ നാലു വർഷത്തിനിടെ കുന്താപുരം, ബൈന്ദൂർ താലൂക്കുകളിലെ ബീച്ചുകളിൽ 14നും 25നും ഇടയിൽ പ്രായമുള്ള 11 ചെറുപ്പക്കാർ മുങ്ങിമരിച്ചു. 2024 ഡിസംബർ ഏഴിന് അമ്പാരെ ഗ്രാമത്തിലെ രണ്ട് സഹോദരന്മാർ കോടി ബീച്ചിൽ മുങ്ങിമരിച്ചു. കഴിഞ്ഞ ആഗസ്റ്റ് 25ന് വിവാഹത്തിന് എത്തിയ ബംഗളൂരുവിൽനിന്നുള്ള രണ്ട് യുവാക്കൾ ബീജാഡി ബീച്ചിൽ മുങ്ങിമരിച്ചു. 2023 ജൂണിൽ ടിപ്റ്റൂരിൽനിന്നുള്ള യുവാവിന് ബീജാഡി ബീച്ചിൽ ജീവൻ നഷ്ടപ്പെട്ടു. 2022 ഏപ്രിലിൽ കോടി ബീച്ചിൽ മുങ്ങിയ മൂന്ന് യുവാക്കളെ നാട്ടുകാർ രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.