മംഗളൂരു: തുളു കർണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷയാക്കാൻ സമ്മർദമേറി. ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് കന്നി അംഗം അശോക് കുമാർ റൈ ചൊവ്വാഴ്ച നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിലൂടെ ഈ ആവശ്യം ഉന്നയിച്ച വേളയിൽ ലഭിച്ച ചെയറിന്റെ പിന്തുണയിലൂടെ വിഷയം കൂടുതൽ ശ്രദ്ധ നേടി. അംഗത്തിന്റെ തുളുവിലുള്ള സംസാരത്തിന് മംഗളൂരു എം.എൽ.എയായ സ്പീക്കർ യു.ടി. ഖാദർ ബന്ധപ്പെട്ട മന്ത്രി മറുപടി നൽകുമെന്ന് തുളുവിൽ പറഞ്ഞെങ്കിലും രണ്ടും മനസ്സിലാവാതെ കന്നട-സാംസ്കാരിക മന്ത്രി ശിവരാജ് തൻഗഡി കുഴങ്ങുകയായിരുന്നു.
തുളുവിലുള്ള സംസാരം സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് മനസ്സിലാവാത്തതിനാൽ സഭാ രേഖയിലുണ്ടാവില്ലെന്നും ഈ ഭാഷ വശമില്ലാത്ത മന്ത്രിക്ക് മറുപടി സാധ്യമാവില്ലെന്നും ചൂണ്ടിക്കാട്ടി രാജാജി നഗർ മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി അംഗം മുൻ മന്ത്രി എസ്. സുരേഷ് കുമാർ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ ഖാദറും റൈയും വഴങ്ങുകയായിരുന്നു. അതേസമയം, മംഗളൂരു സൗത്ത് മണ്ഡലം ബി.ജെ.പി എം.എൽ.എ വേദവ്യാസ് കാമത്ത് തുളുവിന് രണ്ടാം ഔദ്യോഗിക ഭാഷ പദവി എന്ന ആവശ്യത്തിന് പിന്തുണ നൽകി.
കഴിഞ്ഞ സർക്കാർ ഇതിനുള്ള നടപടികൾ ആരംഭിച്ചതായി അവകാശപ്പെടുകയും ചെയ്തു. കോടിയിലേറെ ജനങ്ങളുടെ സംസാര ഭാഷയാണ് തുളു എന്ന് അശോക് റൈ ശ്രദ്ധക്ഷണിക്കലിൽ ചൂണ്ടിക്കാട്ടി. 1994 മുതൽ കർണാടക സർക്കാറിന്റെ കീഴിൽ തുളു അക്കാദമി പ്രവർത്തിക്കുന്നുണ്ട്. കാസർകോട് കേന്ദ്രീകരിച്ച് കേരളത്തിലും തുളു അക്കാദമി നിലവിലുണ്ടെന്ന് റൈ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി. ബ്രിട്ടീഷ് ഭരണത്തിൽ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന കാസർകോട്, ദക്ഷിണ കന്നട ഉഡുപ്പി ഉൾപ്പെട്ട അവിഭക്ത ദക്ഷിണ കനറ മേഖലയിലെ സംസാര ഭാഷയാണ് തുളു.
ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലും കാസർകോടിന്റെ വടക്കൻ ഭാഗങ്ങളിലും ചിക്കമഗളൂരുവിന്റെ ചില പ്രദേശങ്ങളിലും ഈ ഭാഷ സംസാരിക്കുന്നവർ ഏറെയാണ്. തുളു സംസാരിക്കുകയും എഴുതാനും വായിക്കാനും കന്നട ഉപയോഗിക്കുകയും ചെയ്യുന്നതാണ് രീതി. ലിപി ഇല്ല എന്ന വാദമായിരുന്നു വരമൊഴിയിൽനിന്ന് തുളു തഴയപ്പെടാൻ കാരണം. എന്നാൽ, കാസർകോട് മുള്ളേരിയ സ്വദേശി ഡോ. വെങ്കിടരാജ പുണിഞ്ചിത്തായ താളിയോല ഗ്രന്ഥങ്ങൾ പരതി തുളു ലിപി കണ്ടെത്തി അവതരിപ്പിച്ചതോടെ മറുവാദങ്ങൾ പൊളിയുകയായിരുന്നു. കേരള തുളു അക്കാദമി സ്ഥാപക പ്രസിഡന്റായിരുന്ന പുണിഞ്ചിത്തായ 2012ൽ അന്തരിച്ചു. മലയാളം ലിപിയുമായി ഏറെ സാദൃശ്യമുള്ള തുളു അക്ഷരങ്ങൾ തുളുനാട്ടിൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പഠിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.