മുഖ്യ തെരഞ്ഞടുപ്പ് കമീഷണർ വി. അൻപുകുമാർ
ബംഗളൂരു: സംസ്ഥാനത്ത് 2026 ലെ വോട്ടർ പട്ടികയിലെ എസ്.ഐ.ആർ പ്രക്രിയ ആരംഭിച്ചു. ചൊവ്വാഴ്ച മുതൽ ബി.എൽ.ഒമാർ എണ്ണൽ ഫോമുകൾ വിതരണം ചെയ്ത്തുടങ്ങുമെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമീഷണർ വി. അൻപുകുമാർ പറഞ്ഞു. ജൂൺ 30 മുതൽ ജൂലൈ 29 വരെ ബി.എൽ.ഒമാർ വീടുതോറുമുള്ള സന്ദർശനം നടത്തും. കരട് വോട്ടർ പട്ടിക ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിക്കും. തിരുത്തലുകള്‍ സമർപ്പിക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് അഞ്ചു മുതൽ സെപ്റ്റംബർ നാല് വരെയായിരിക്കുമെന്നും, ആഗസ്റ്റ് അഞ്ചിനും ഒക്ടോബർ മൂന്നിനും ഇടയിൽ തിരുത്തലുകള്‍ തീർപ്പാക്കുകയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. അന്തിമ വോട്ടർ പട്ടിക ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിക്കും. എസ്.ഐ.ആർ പ്രക്രിയയുടെ സുഗമമായ നടത്തിപ്പിനായി 59,050 ബൂത്ത് ലെവൽ ഓഫിസർമാർ, 7,556 ബൂത്ത് ലെവൽ സൂപ്പർവൈസർമാർ, 224 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ തുടങ്ങി 68,123 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ചീഫ് ഇലക്ടറൽ ഓഫിസർ മുതൽ ജില്ലാതല ഓഫിസർമാർ വരെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകിയിട്ടുണ്ടെന്നും സി.ഇ.ഒ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ ഏകദേശം 1.15 ലക്ഷം ബൂത്ത് ലെവൽ ഏജന്‍റ്മാരെ നിയമിച്ചിട്ടുണ്ടെന്നും അവരിൽ ഭൂരിഭാഗവും പരിശീലനം നേടിയവരാണ്. 2026 ജൂൺ 16 വരെ വോട്ടർ പട്ടികയിൽ പേരുള്ള 5.54 കോടിയിലധികം വോട്ടർമാരുടെ എണ്ണൽ ഫോമുകൾ അച്ചടിച്ചു. പോളിങ് സ്റ്റേഷൻ തലത്തിലുള്ള ബി.എൽ.ഒമാർക്ക് ഈ ഫോമുകൾ വിതരണം ചെയ്തിട്ടുണ്ട്. ജൂൺ 30 മുതൽ ജൂലൈ 29 വരെ 2026 ലെ വോട്ടർ പട്ടികയിൽ പേരുള്ള എല്ലാ വോട്ടർമാർക്കും ബി.എൽ.ഒമാർ ഫോമുകൾ വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വോട്ടർമാരും ഫോമുകളിൽ അവരുടെ ഫോട്ടോകൾ ഒട്ടിച്ച് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് ഒപ്പിട്ട് അതത് ബി.എൽ.ഒമാർക്ക് തിരികെ നൽകണം. നിയമസഭ മണ്ഡല തലത്തിൽ 126 മണ്ഡലങ്ങൾ 95 ശതമാനത്തിലധികം മാപ്പിങ് പൂർത്തിയാക്കി. അതേസമയം 224 മണ്ഡലങ്ങളിൽ 173 എണ്ണത്തില്‍ 90 ശതമാനത്തിലധികം മാപ്പിങ് പൂർത്തിയാക്കി. ജൂലൈ അവസാനം വരെ പ്രക്രിയ തുടരും. ബി.എൽ.ഒമാർക്ക് രണ്ട് തരം സ്റ്റിക്കറുകൾ നൽകിയിട്ടുണ്ട്. എണ്ണൽ ഫോം നല്‍കി എന്ന് തെളിയിക്കുന്ന ചതുരാകൃതിയിലുള്ള ഒരു സ്റ്റിക്കറും പൂട്ടിയിട്ടിരിക്കുന്ന വീടുകൾക്ക് ബി.എൽ.ഒയുടെ അടുത്ത സന്ദർശന തീയതി സൂചിപ്പിക്കുന്ന ചുവന്ന സ്റ്റിക്കറുമാണ് നല്‍കിയത്. എണ്ണൽ ഫോമുകളില്‍ എല്ലാം ബി.എൽ.ഒയുടെ പേരും മൊബൈൽ നമ്പറും ഉണ്ടായിരിക്കും അതിനാല്‍ ഫോം പൂരിപ്പിക്കുന്നതിന് ഏതെങ്കിലും തരത്തില്‍ സഹായം ആവശ്യമുണ്ടെങ്കിൽ ബി.എൽ.ഒയെ ബന്ധപ്പെടാം. ബി.എൽ.ഒയുടെ വിവരങ്ങള്‍, പോളിങ് സ്റ്റേഷൻ, വി.ആർ.സി എന്നിവയുടെ വിശദാംശങ്ങൾ, ഇ.ആർ.ഒമാരുടെയും അസിസ്റ്റന്‍റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരുടെയും വിവരങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.