സി.സി.ബിയുടെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ബംഗളൂരു സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ്ങിനൊപ്പം
ബംഗളൂരു: മയക്കുമരുന്ന് കടത്ത് തടയുന്നതിന്‍റെ ഭാഗമായി ബംഗളൂരു പൊലീസ് സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) ഉൾപ്പെടെയുള്ളവർ നടത്തിയ പരിശോധനയില്‍ 25.23 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. മൂന്ന് വിദേശ പൗരന്മാരും, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എട്ട് പേരും ആറ് ബംഗളൂരു നിവാസികളും ഉൾപ്പെടെ 17 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയ സ്വദേശികളായ അംബോമോ ജോൺ വിക്ടർ എലിയാസ് വിസ്ഡം ഇകെച്ചുക്വു, ചിമെ നുബുയിസി മോസസ്, കരിക്രി ഇമോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
നിയമവിരുദ്ധമായ പ്രവൃത്തിയിലൂടെ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദേശ രാജ്യങ്ങൾ, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കു മയക്കുമരുന്ന് നല്‍കുകയും വിതരണക്കാരില്‍ നിന്നും കുറഞ്ഞ വിലക്ക് വാങ്ങി പൊതുജനങ്ങൾക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും ഉയര്‍ന്ന വിലക്ക് വിറ്റതായും പ്രതികള്‍ സമ്മതിച്ചു. ഏഴ് മൊബൈൽ ഫോണുകൾ, ഒരു കാർ, ആറ് ഇരുചക്ര വാഹനങ്ങൾ എന്നിവ പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തു. ലഹരിവസ്തുക്കളുടെ ഉത്ഭവവും അവയുടെ വിതരണക്കാരും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരുടെ പക്കല്‍ നിന്നും 10.306 കിലോഗ്രാം എം.ഡി.എം.എ, 127.302 കിലോഗ്രാം കഞ്ചാവ്, 3.314 കിലോഗ്രാം ഹൈഡ്രോ കഞ്ചാവ്, 300 ഇ-സിഗരറ്റുകൾ, 90 ഹുക്ക ഫ്ലേവറുകൾ, 300 ഹുക്ക കലങ്ങൾ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. സി.സി.ബിയുടെ ആന്‍റി-നാർക്കോട്ടിക്സ് വിങ് (എ.എൻ.ഡബ്ല്യു) 10.270 കിലോഗ്രാം എം.ഡി.എം.എയും 2.44 കിലോഗ്രാം ഹൈഡ്രോ കഞ്ചാവും പിടിച്ചെടുത്തു. ഇതിന് പൊതു വിപണിയിൽ 23 കോടി രൂപ വിലമതിക്കും. ഈ വർഷം 200 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എ.എൻ.ഡബ്ല്യു അസിസ്റ്റന്‍റ് പൊലീസ് കമീഷണർ എൽ.വൈ. രാജേഷിന്‍റെ മേൽനോട്ടത്തിലുള്ള സി.സി.ബി സംഘത്തിന് കമീഷണർ ഒരു ലക്ഷം രൂപ ക്യാഷ് റിവാർഡ് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.