പ്രവർത്തകൻ ചെരിപ്പെറിയുന്നു
ബംഗളൂരു: ചിക്കബല്ലാപൂരിൽ കെംപെഗൗഡ ജയന്തി ആഘോഷത്തിനിടെ ശനിയാഴ്ച വൈകുന്നേരം കോൺഗ്രസ് എംഎൽഎ പ്രദീപ് ഈശ്വറിന് നേരെ ജെഡിഎസ് പ്രവർത്തകർ ചെരിപ്പെറിഞ്ഞ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഞായറാഴ്ച കോൺഗ്രസ് രംഗത്ത് വന്നു. നേതാക്കളും പ്രവർത്തകരും ജില്ല ഡെപ്യൂട്ടി കമ്മീഷണറുടെ വസതിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. അക്രമം രാഷ്ട്രീയ ഭീരുത്വമെന്ന് കെപിസിസി അധ്യക്ഷൻ ബി.കെ.ഹരിപ്രസാദ് എംഎൽസി പറഞ്ഞു. കേന്ദ്രമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റുമായ എച്ച്.ഡി. കുമാരസ്വാമിക്കെതിരെ ഈശ്വർ നടത്തിയ പരാമർശങ്ങളാണ് അക്രമങ്ങളിലേക്ക് നയിച്ചത്.
ജെ.ഡി.എസ് പ്രവർത്തകർ എംഎൽഎ വേദി വിടണം എന്നാവശ്യപ്പെട്ട് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പരിപാടി തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ സ്റ്റേജിൽ നിന്ന് ഇറങ്ങിയ എംഎൽഎ തുറന്ന വാഹനത്തിൽ നിന്ന് കുമാര സ്വാമിയേയും ജെഡിഎസ് പ്രവർത്തകരെയും വെല്ലുവിളിച്ചു. ഇതിനിടെ എം.എൽ.എക്ക് നേരെ എറിഞ്ഞ ചെരിപ്പ് ഉന്നം തെറ്റി.സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഉടൻ ചെരിപ്പ് എറിഞ്ഞുവെന്ന് സംശയിക്കുന്നയാളേയും ഒപ്പമുണ്ടായിരുന്ന മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു.
എം.എൽ.എക്ക് സുരക്ഷ നൽകുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിച്ചുവരികയാണെന്ന് എസ്.പി പറഞ്ഞു.അതേസമയം സംഭവത്തെ അപലപിച്ച് കോൺഗ്രസ് നേതാക്കളും അനുയായികളും ഞായറാഴ്ച ചിക്കബെല്ലാപൂർ ഡെപ്യൂട്ടി കമ്മീഷണറുടെ വസതിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നിയമസഭാംഗത്തിന് കൂടുതൽ സുരക്ഷ ഒരുക്കണമെന്നും അധികാരികളോട് ആവശ്യപ്പെട്ടു.
കർശനമായ നിയമനടപടി ആവശ്യപ്പെട്ട് എസ്പി കുശാൽ ചൗക്‌സെക്ക് നിവേദനവും സമർപ്പിച്ചു. ചിക്കബെല്ലാപൂർ എംഎൽഎ പ്രദീപ് ഈശ്വറിനു നേരെ പ്രതിപക്ഷ അംഗങ്ങൾ പരസ്യമായി ചെരുപ്പ് എറിഞ്ഞ നടപടി അപലപനീയമാണെന്ന് കെപിസിസി അധ്യക്ഷൻ ബി.കെ.ഹരിപ്രസാദ് പറഞ്ഞു. .കോൺഗ്രസ് പാർട്ടി എംഎൽഎയോടൊപ്പം ഉറച്ചുനിൽക്കുന്നു. സത്യത്തിനും ജനാധിപത്യത്തിനും ജനങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന ശബ്ദത്തെ ഇത്തരം പ്രവൃത്തികളിലൂടെ ആർക്കും നിശബ്ദമാക്കാൻ കഴിയില്ലെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.