ബിദർ സൗത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി
സംസാരിക്കുന്നു
ബംഗളൂരു: കർണാടകയിലെ ബി.ജെ.പി സർക്കാർ മൂന്നര വർഷത്തിനിടെ സംസ്ഥാനത്തിന്റെ 1.5 ലക്ഷം കോടി കൊള്ളയടിച്ചെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. മേയ് 10ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ബുധനാഴ്ച നടന്ന വിവിധ പ്രചാരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അവർ. ‘40 ശതമാനം കമീഷൻ’ സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. ഇതിലൂടെയാണ് ബി.ജെ.പി സംസ്ഥാനത്തെ കൊള്ളയടിച്ചത്. കൊള്ളയടിച്ച പണം ഉണ്ടായിരുന്നെങ്കിൽ 100 ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ആശുപത്രികൾ, 30,000 സ്മാർട്ട് ക്ലാസ് റൂമുകൾ, 30 ലക്ഷം പാവപ്പെട്ടവർക്ക് വീടുകൾ തുടങ്ങിയവ നിർമിക്കാമായിരുന്നു. ഇതിനാലാണ് ജനങ്ങളുടെ കാര്യങ്ങൾ പറയാൻ ഇപ്പോൾ ബി.ജെ.പിക്ക് കഴിയാത്തത്. ഓരോ ദിവസവും ജനക്ഷേമത്തിന് ഉപകാരമില്ലാത്ത പുതിയ കാര്യങ്ങളാണ് അവർ പറയുന്നതെന്നും പ്രിയങ്ക പറഞ്ഞു. ജനാധിപത്യം അപഹരിക്കുന്നവരാണ് ബി.ജെ.പി.
പലതരത്തിലുള്ള കവർച്ചക്കാരാണ് രാജ്യത്തുള്ളത്. ചിലർ വീടുകളിൽനിന്ന് കവർച്ച നടത്തുന്നു. ചിലരാകട്ടെ സർക്കാറിനെത്തന്നെ മോഷ്ടിക്കുന്നുവെന്നും 2018ലെ ബി.ജെ.പിയുടെ ഓപറേഷൻ താമര സംബന്ധിച്ച് പ്രിയങ്ക പറഞ്ഞു. ഇത്തരത്തിൽ ജനാധിപത്യത്തെതന്നെ കവർച്ച ചെയ്യുന്നവരെ തടയണം. ബി.ജെ.പി ഭരണത്തിൽ സകല മേഖലകളിലും ജനം ദുരിതത്തിലാണ്. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടി. 1,100 രൂപയാണ് പാചകവാതക സിലിണ്ടറിന്റെ വില. പെട്രോളിനും ഡീസലിനും കൊള്ളവിലയായതിനാൽ സകല മേഖലയിലും വിലക്കയറ്റം അതിരൂക്ഷമാണ്. പൊലീസ് എസ്.ഐ നിയമനപരീക്ഷയിലടക്കം വൻ ക്രമക്കേടാണ് നടന്നത്.
അഴിമതിക്കെതിരെയും ‘40 ശതമാനം കമീഷൻ സർക്കാറി’നെതിരെയും കരാറുകാരുെട സംഘടന പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ല. ബി.ജെ.പി എം.എൽ.എയുടെ മകന്റെ വീട്ടിൽനിന്ന് എട്ടുകോടി രൂപ അഴിമതിപ്പണം പിടികൂടിയെങ്കിലും നടപടിയുണ്ടായില്ല. 2.5 ലക്ഷം സർക്കാർ തസ്തികകൾ ഒഴിഞ്ഞുകിടന്നിട്ടും യുവാക്കൾക്ക് ജോലി നൽകുന്നില്ല. എല്ലാ തസ്തികകളിലും പണം വാങ്ങി നിയമനം നടത്തുകയാണ്.
അസി. പ്രഫസർ തസ്തികക്ക് 50-70 ലക്ഷവും ലക്ചറർ തസ്തികക്ക് 30-50 ലക്ഷവും ജൂനിയർ എൻജിനീയർ തസ്തികക്ക് 30 ലക്ഷവുമാണ് വാങ്ങുന്നത്. കൈക്കൂലി നൽകാൻ പണമില്ലാത്തതിനാൽ തന്റെ രണ്ട് കാളകളെ വിൽക്കേണ്ടി വന്നുവെന്ന കർഷകന്റെ വേദനയും പ്രിയങ്ക പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.