കള്ളപ്പണം; ആംനസ്റ്റി ഇന്ത്യക്കെതിരായ ഇ.ഡി കേസിന് താൽക്കാലിക സ്റ്റേ

ബംഗളൂരു: ആംനസ്റ്റി ഇന്ത്യക്കും മുൻ തലവൻ ആകാർ പട്ടേലിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കലിനെതിരായ കേസിൽ ഇടക്കാല സ്റ്റേ അനുവദിച്ച് കർണാടക ​ഹൈകോടതി. 2022ൽ രജിസ്റ്റർ ചെയ്ത കേസിലാണ് തുടർനടപടികൾ തടഞ്ഞ് ജസ്റ്റിസ് ഹേമന്ദ് ചന്ദൻഗൗഡർ അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആംനസ്റ്റി ഇന്ത്യയും ആകാർ പട്ടേലും സമർപ്പിച്ച ഹരജികളിൽ വിശദീകരണം തേടി ഹൈകോടതി ഇ.ഡിക്ക് നോട്ടീസുമയച്ചു. ആംനസ്റ്റി ഇന്ത്യ മുൻ സി.ഇ.ഒ അനന്തപത്മനാഭൻ സമർപ്പിച്ച ഹരജിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ അധ്യക്ഷനായ ബെഞ്ച് സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി ഇടക്കാല ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമം (പി.എം.എൽ.എ), വിദേശ സംഭാവന (നിയന്ത്രണ) ചട്ടം എന്നിവ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ആംനസ്റ്റി ഇന്ത്യ, ആംനസ്റ്റി ഇന്ത്യയുടെ മുൻ തലവൻ ആകാർ പട്ടേൽ, മുൻ സി.ഇ.ഒ ജി. അനന്തപത്മനാഭൻ തുടങ്ങിയവർക്കെതിരെ 2022 മേയിലാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്. 2019ൽ വിദേശ സംഭാവന (നിയന്ത്രണ) ചട്ട ലംഘനം ചൂണ്ടിക്കാട്ടി ആംനസ്റ്റി ഇന്ത്യക്കെതിരെ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിന്റെ ചുവടുപിടിച്ചായിരുന്നു ഇ.ഡി അന്വേഷണം. തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചതിനെ തുടർന്ന് 2020ൽ ആംനസ്റ്റി ഇന്ത്യ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു.

Tags:    
News Summary - Temporary stay on ED case against Amnesty India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.