മംഗളൂരു: മംഗളൂരു നഗരത്തിലെ സ്വർണ വ്യാപാരിയെ വഞ്ചിച്ച അന്തർസംസ്ഥാന തട്ടിപ്പുകാരനെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സിങ്കനല്ലൂരിലെ പുഗൽ വാസൻ എന്ന പുഗൽ ഹസൻ എന്ന അരുൺ (50) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 240 ഗ്രാം സ്വർണം കണ്ടെടുത്തു.
നവംബർ 21ന് അരുൺ എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി ഗുസ്സാദി ചേംബേഴ്സിലുള്ള ചിലിമ്പിയിലെ ഉർവ സ്റ്റോറിലെ സ്വർണ ജ്വല്ലേഴ്‌സ് സന്ദർശിച്ചു. പിറ്റേന്ന് ബെജായ് കെ.പി.ടി ജങ്ഷനിലെ അജന്ത് ബിസിനസ് സെന്ററിൽ ഓഫിസ് തുറക്കുകയാണെന്നും വരുന്ന അതിഥികൾക്ക് സമ്മാനമായി നൽകാൻ 10 ഗ്രാം 24 കാരറ്റ് സ്വർണ ബിസ്‌ക്കറ്റുകൾ ആവശ്യമാണെന്നും അയാൾ ജ്വല്ലറിയോട് അറിയിച്ചു. ഡിസൈൻ തെരഞ്ഞെടുത്ത ശേഷം, അടുത്ത ദിവസം ഉച്ച 12ന് സ്വർണ ബിസ്‌ക്കറ്റുകൾ തന്റെ ഓഫിസിലെത്തിക്കാൻ ജ്വല്ലറിയോട് ആവശ്യപ്പെട്ടു.
സ്വർണം ലഭിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ ആർ.ടി.ജി.എസ് വഴി പണമടക്കാമെന്ന് ഉറപ്പുനൽകി. സ്വർണ ജ്വല്ലേഴ്‌സിന്റെ ജീവനക്കാർ എത്തിയപ്പോൾ പ്രതി അവരെ അജന്ത് ബിസിനസ് സെന്ററിന്റെ അഞ്ചാം നിലയിലുള്ള കഫതീരിയയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് 10 ഗ്രാം 24 കാരറ്റ് സ്വർണ ബിസ്‌ക്കറ്റുകൾ ശേഖരിച്ച്, മൂന്നാം നിലയിലുള്ള തന്റെ ഓഫിസിൽനിന്ന് തുക കൈമാറാമെന്ന് പറഞ്ഞു.
എന്നാൽ, പണം നൽകാതെ അയാൾ ഒളിവിൽ പോയി. ഏകദേശം 31,00,000 രൂപ വിലമതിക്കുന്ന സ്വർണം ജ്വല്ലറിയിൽനിന്ന് കബളിപ്പിച്ചു. കടയുടമ അജയ് രാംദാസ് നായക് നൽകിയ പരാതിയിൽ ഉർവ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഉർവ പൊലീസ് പ്രതി കോയമ്പത്തൂരിൽ താമസിക്കുന്നതായി തിരിച്ചറിഞ്ഞു. തുടർന്ന്, കോയമ്പത്തൂരിലെ പുലിയകുളത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.