മംഗളൂരു: ചിക്കമഗളൂരു മുഡിഗരെ താലൂക്കിലെ ബല്ലാലരായണ ദുർഗ വനമേഖലയിൽ ട്രെക്കിങ്ങിന് പോയി തളർന്ന 10 വിദ്യാർഥികളെ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി. ചിത്രദുർഗയിലെ വിവിധ കോളജുകളിൽനിന്നുള്ള അഞ്ച് വിദ്യാർഥികളും അഞ്ച് വിദ്യാർഥിനികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ടെമ്പോ ട്രാവലർ വാടകക്കെടുത്താണ് സംഘം ഇവിടെയെത്തിയത്.
ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. റാണി ഝാരി ഭാഗത്തുനിന്നാണ് ട്രെക്കിങ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, ഗൂഗ്ൾ മാപ്പിൽ ‘ബണ്ടാജെ ട്രെക്കിങ്’ എന്ന് തിരഞ്ഞപ്പോൾ, ദക്ഷിണ കന്നട ജില്ലയിലെ ദിഡാപെ വഴിയുള്ള റൂട്ട് കാണിച്ചു. അവിടെനിന്നാണ് അവർ ട്രെക്കിങ് ആരംഭിച്ച് ബണ്ടാജെ വെള്ളച്ചാട്ടത്തിലെത്തിയത്. ബല്ലാലരായണ ദുർഗ, റാണി ഝരി വഴി തിരിച്ചുവരാൻ ശ്രമിച്ചു. അപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങിയിരുന്നു. അവർക്ക് വഴി തെറ്റി. മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്തതിനാൽ ഗൂഗ്ൾ മാപ്സ് പ്രവർത്തിക്കുന്നത് നിർത്തി.
സ്ഥിതിഗതികൾ അറിഞ്ഞ ബാലൂർ പൊലീസ് സബ് ഇൻസ്പെക്ടർ ദിലീപ് കുമാറും സ്നേക്ക് ആരിഫും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും കാട്ടിൽ കയറി ആറ് മണിക്കൂർ തിരച്ചിൽ നടത്തി.പുലർച്ച രണ്ട് മണിയോടെ വിദ്യാർഥികളെ കണ്ടെത്തി, എല്ലാവരെയും സുരക്ഷിതമായി തിരികെ കൊണ്ടുവന്നു. ട്രക്കിങ് നടത്തിയവരിൽ മെഡിക്കൽ വിദ്യാർഥികളും വിവിധ കോളജുകളിൽനിന്നുള്ള മറ്റുള്ളവരും ഉണ്ടായിരുന്നു. അവരെ അവരുടെ വാഹനത്തിൽ ചിത്രദുർഗയിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.