ബംഗളൂരു: കർണാടകയിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണവും മരണനിരക്കും വർധിക്കുന്നതായി റിപ്പോർട്ട്. സംയോജിത ആരോഗ്യ വിവര ശേഖരണ (ഐ.എച്ച്.ഐ.പി) സംവിധാനത്തിൽ ലഭ്യമായ കണക്കുകൾ പ്രകാരം എണ്ണം കുതിക്കുകയാണ്. 2021ൽ 950 പേർക്ക് പാമ്പുകടിയേറ്റതിൽ ആരും മരിച്ചിരുന്നില്ല. എന്നാൽ, 2022ൽ കടിയേറ്റവരുടെ എണ്ണം 3439 ആയും 2023ൽ 6587 ആയും ഉയരുകയാണ് ചെയ്തത്. 19 പേർ മരണത്തിന് കീഴടങ്ങി. ഔദ്യോഗിക കേന്ദ്രങ്ങളെ ആശ്രയിച്ചുള്ള ഈ കണക്കുകൾ അപൂർണമാണെന്ന് ഐ.എച്ച്.ഐ.പി നിരീക്ഷിച്ചു. ആശുപത്രികളിൽ ചികിത്സ തേടാതെ മറ്റു രീതികൾ അവലംബിച്ച് നിരവധി പേർ മരിക്കുന്നുണ്ട്.
ആശുപത്രികളിലും പല കാരണങ്ങളാൽ പാമ്പുകടിയുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ സൂക്ഷിക്കാനാവുന്നില്ല. ഗ്രാമീണ ഗവ. ആശുപത്രികളിൽ ആന്റിവെനം സ്റ്റോക്കില്ലാത്തതും ചികിത്സ തേടാൻ പണമില്ലാത്തതും മരണങ്ങൾക്ക് കാരണമാവുന്നു. ജില്ലകളിൽ മുൻകരുതലുകൾ സ്വീകരിക്കാൻ സർക്കാർ ഈ കണക്കുകൾ ഉപയോഗിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്, ജില്ല ആശുപത്രികൾ എന്നിവിടങ്ങളിൽ ആന്റിവെനം സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.