കര്‍ണാടക- കേരള അതിര്‍ത്തിയില്‍ പൊലീസ് വാഹനങ്ങള്‍ പരിശോധിക്കുന്നു
ബംഗളൂരു: കര്‍ണാടക-കേരള അതിര്‍ത്തിയില്‍ കവര്‍ച്ച തുടർക്കഥയാകുന്നതിന്റെ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കി ചാമരാജനഗർ ജില്ല പൊലീസ്. ഇതിന്റെ ഭാഗമായി ഗുണ്ടൽപേട്ട് പൊലീസ് സ്റ്റേഷന്റെ പരിധിയിൽ കേരള ഹൈവേ ചെക്ക് പോസ്റ്റിന് സമീപമുള്ള കണ്ണേഗലയിൽ ഔട്ട്പോസ്റ്റ് സ്ഥാപിക്കുകയും കൂടുതൽ പൊലീസിനെ വിന്യസിക്കുകയും ചെയ്തു. താലൂക്കിലേക്ക് പ്രവേശിക്കുന്നതും താലൂക്കില്‍നിന്നും പുറത്തുകടക്കുന്നതുമായ എല്ലാ വാഹനങ്ങളും ഇപ്പോൾ സൂക്ഷ്മ നിരീക്ഷണത്തിലാണ്.
യാത്ര ചെയ്ത ആളുകളുടെ വിവരം, പ്രവേശന സമയം, പുറത്തുകടക്കുന്ന സമയം എന്നിവ രേഖപ്പെടുത്തുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടാതെ എസ്.പി. മുത്തുരാജു പതിവായി ചെക്ക് പോസ്റ്റുകൾ സന്ദര്‍ശനം നടത്തുകയും ചെയ്യുന്നു. ആദ്യ ചെക്ക്പോസ്റ്റുകൾ കടന്നുപോകാൻ വാഹനങ്ങൾക്ക് കഴിഞ്ഞാലും കണ്ണേഗലയിൽ വാഹനങ്ങള്‍ തടയുമെന്നും വിവാഹ സീസണുകളില്‍ സ്വർണവും പണവും കൂടുതല്‍ ആളുകള്‍ വാങ്ങുമെന്നതിനാല് കവര്‍ച്ചയും വര്‍ധിക്കാറുണ്ടെന്ന് മുത്തുരാജു പറഞ്ഞു.
മൈസൂരു, ഗുണ്ടൽപേട്ട് വഴി കേരളത്തിലേക്ക് പോകുന്ന സ്വർണ വ്യാപാരികളെയാണ് കവര്‍ച്ച സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. രണ്ട് മാസം മുമ്പ് പാതയിലൂടെ യാത്ര ചെയ്തവരില്‍നിന്നും കാൽ കിലോഗ്രാം സ്വർണം കൊള്ളയടിച്ച് കവര്‍ച്ച സംഘം രക്ഷപ്പെട്ടുവെങ്കിലും മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു. തുടര്‍ന്നും കവര്‍ച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കേരളത്തില്‍ ബിസിനസ് നടത്തുന്ന ഫൈസല്‍, ജംഷിദ് എന്നിവര്‍ സ്വർണം വിറ്റ 10 ലക്ഷം രൂപയുമായി നാട്ടിലേക്കു മടങ്ങുന്ന വഴി ആക്രമിക്കപ്പെട്ടു. നാലുപേര്‍ അടങ്ങുന്ന സംഘം ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ തടഞ്ഞുനിർത്തി മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്ന ശേഷം രക്ഷപ്പെടുകയായിരുന്നു. ജനുവരി 10ന് നടന്ന സംഭവത്തില്‍ ജനുവരി 27നാണ് ഗുണ്ടൽപേട്ട് പൊലീസ് സ്റ്റേഷനിൽ ഇവര്‍ പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.