സിദ്ധരാമയ്യ

കൂടുതൽ കാലം മുഖ്യമന്ത്രി; റെക്കോഡിലേക്ക് സിദ്ധരാമയ്യ

ബംഗളൂരു: കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദം അലങ്കരിച്ച നേതാവെന്ന പദവിയിലേക്ക് സിദ്ധരാമയ്യ. കൂടുതല്‍ കാലം കര്‍ണാടക മുഖ്യമന്ത്രി പദവി വഹിച്ച വ്യക്തിയെന്ന ഡി. ദേവരാജ് അരസിന്‍റെ റെക്കോഡ് ബുധനാഴ്ച സിദ്ധരാമയ്യ തിരുത്തും.

ഏഴു വര്‍ഷവും 239 ദിവസവുമാണ് ഡി. ദേവരാജ് മുഖ്യമന്ത്രിക്കസേരയിലിരുന്നത്. തന്‍റെ രണ്ടാമൂഴം രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ ഏഴു വര്‍ഷവും 240 ദിവസവും പൂര്‍ത്തിയാക്കുകയാണ് സിദ്ധരാമയ്യ. റെക്കോഡുകള്‍ തിരുത്തപ്പെടാനുള്ളതാണെന്നും നാളെ മറ്റൊരാള്‍ തന്‍റെ റെക്കോഡും മറികടക്കുമെന്നും സിദ്ധരാമയ്യ മൈസൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. ഒന്നാമൂഴത്തില്‍ 2013 മുതല്‍ 2018 വരെ 1829 ദിവസങ്ങള്‍ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.

ആ റെക്കോഡ് തകർക്കുമെന്ന് എപ്പോഴെങ്കിലും സങ്കൽപ്പിച്ചിരുന്നോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാകുമെന്നല്ല മന്ത്രിയാകുമെന്നു പോലും താൻ ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ലെന്ന് മറുപടി നല്‍കി. ജനങ്ങളുടെ അനുഗ്രഹമാണ് ഈ പദവിയെന്നും താനും ദേവരാജും മൈസൂരുവില്‍ നിന്നുള്ളതാണെന്നതില്‍ അഭിമാനമുണ്ടെന്നും ഞങ്ങള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം അദ്ദേഹം മുന്നാക്ക വിഭാഗത്തില്‍പെട്ടയാളും താൻ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുറുബ സമുദായത്തിൽ നിന്നുള്ളയാളാണ് എന്നതുമാണ്.

താലൂക്ക് ബോർഡ് അംഗമായശേഷം താൻ ഒരു എം.എൽ.എയാകുമെന്ന് മാത്രമേ കരുതിയിരുന്നുള്ളൂ. ഇതുവരെ എട്ട് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. രണ്ട് പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടു. തന്‍റെ ജീവിതത്തിൽ, താലൂക്ക് തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ 13 തവണ മത്സരിച്ചിട്ടുണ്ട്. ദേവരാജ് ജനപ്രിയ നേതാവായിരുന്നു അദ്ദേഹവുമായി താരതമ്യത്തിന് ഞാന്‍ യോഗ്യനല്ല. ആ കാലഘട്ടം വർത്തമാനകാലത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയ സിദ്ധരാമയ്യ ദേവരാജ് ജനങ്ങളിൽ നിന്ന് നേരിട്ട് പണം സ്വരൂപിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് പറഞ്ഞു.

ജനങ്ങൾ അദ്ദേഹത്തിന് പണവും വോട്ടും നൽകി. ലോക് ദളിലൂടെ രാഷ്ട്രീയ ജീവിതമാരംഭിച്ച സിദ്ധരാമയ്യ തുടര്‍ന്ന് ജനതാദളില്‍ പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഉപമുഖ്യമന്ത്രി പദം വഹിക്കുകയും ചെയ്തിട്ടുണ്ട്. 2006ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഇദ്ദേഹം കരുത്തനായ നേതാവായി മാറുകയായിരുന്നു.

Tags:    
News Summary - Siddaramaiah becomes longest serving CM; sets record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.