ബംഗളൂരു: കര്‍ണാടകയില്‍ കോൺഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ ശക്തി പദ്ധതി, തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയതായി റിപ്പോർട്ട്. ജോലിക്ക് പോകുന്ന സ്ത്രീകളുടെ എണ്ണത്തിൽ 23 ശതമാനം വർധന രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ബംഗളൂരുവിൽ 23 ശതമാനവും ഹുബ്ബള്ളി- ധാര്‍വാഡ് മേഖലയില്‍ 21 ശതമാനവുമാണ് വര്‍ധന. ‘ബിയോണ്ട് ഫ്രീ റൈഡ്സ്: എ മൾട്ടി-സ്റ്റേറ്റ് അസസ്മെന്റ് ഓഫ് വിമൻസ് ബസ് ഫെയർ സബ്സിഡി സ്കീംസ് ഇൻ അർബൻ ഇന്ത്യ’ എന്ന റിപ്പോർട്ടിന്റെ ഭാഗമായാണ് പുതിയ കണ്ടെത്തലുകൾ.
സുസ്ഥിര മൊബിലിറ്റി നെറ്റ് വര്‍ക്ക് കമീഷൻ ചെയ്ത റിപ്പോര്‍ട്ട് നിക്കോര്‍ അസോസിയേറ്റ്സാണ് പുറത്തുവിട്ടത്. കര്‍ണാടക, ഡല്‍ഹി, കേരള, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 10 നഗരങ്ങളില്‍ 2500ഓളം പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്ക് സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാന്‍ കഴിയുന്ന പദ്ധതിയാണ് ‘ശക്തി’. 2023 ജൂൺ 11ന് ആരംഭിച്ച ശക്തി പദ്ധതിയിലൂടെ 2025 ജൂലൈ 24 വരെ കർണാടകയിലുടനീളം 508 കോടിയിലധികം സ്ത്രീകൾ സൗജന്യയാത്ര സേവനം ഉപയോഗപ്പെടുത്തി. പദ്ധതിയിലൂടെ 12,881 കോടി രൂപയുടെ സൗജന്യ ടിക്കറ്റുകൾ നൽകിയിട്ടുണ്ട്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ, നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എന്നിവയുടെ സേവനങ്ങൾ ശക്തി പദ്ധതിയിൽ ഉൾപ്പെടും.
കർണാടകയിലെ സ്ത്രീകളുടെ സൗജന്യ യാത്ര സൗകര്യവും സ്ത്രീകളുടെ തൊഴില്‍ നിരക്കിലെ വർധനയും തമ്മില്‍ ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബംഗളൂരു, ഹുബ്ബള്ളി-ധാര്‍വാഡ് എന്നിവിടങ്ങളില്‍ നടത്തിയ സര്‍വേയില്‍ 27 ശതമാനത്തോളം സ്ത്രീകള്‍ ശക്തി പദ്ധതി കാരണം ബസ് യാത്രയിലേക്ക് മാറിയതായി കണ്ടെത്തി. ജോലി, വിദ്യാഭ്യാസം, അത്യാവശ്യ കാര്യങ്ങള്‍ എന്നിവക്കായി സ്ത്രീകള്‍ ദീര്‍ഘദൂര യാത്ര നടത്തുകയും കൂടുതല്‍ തവണ യാത്ര നടത്തുകയും ചെയ്യുന്നുണ്ട്.
എന്നാൽ, ഇതോടൊപ്പം വനിതാ യാത്രക്കാർ അനുഭവിക്കുന്ന നിരവധി വെല്ലുവിളികളും പഠനം വെളിപ്പെടുത്തുന്നു. താമസസ്ഥലങ്ങളില്‍നിന്ന് ബസ് സ്റ്റോപ്പിലേക്കും ബസ് സ്റ്റോപ്പുകളില്നിന്നു ജോലി സ്ഥലത്തേക്കുമുള്ള യാത്ര സൗകര്യത്തിന്റെ അപര്യാപ്തതയാണ് നഗരപ്രാന്ത പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ബസ് സ്റ്റോപ്പുകളില്‍ എത്തിച്ചേരാന്‍ ഓട്ടോറിക്ഷകളോ ഷെയര്‍ ഓട്ടോറിക്ഷകളോ ഉപയോഗിക്കുന്നതിനാല്‍ പദ്ധതി മുഖേന ലഭിക്കുന്ന സാമ്പത്തിക ലാഭം കുറയുന്നു.
ബസ് സര്‍വിസുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക, ബസ് ജീവനക്കാര്‍ക്കിടയില്‍ ലിംഗവിവേചനത്തിനെതിരെ അവബോധം വളര്‍ത്തുക, സി.സി ടി.വി പോലുള്ള സുരക്ഷാ സൗകര്യങ്ങള്‍ ബസുകളിൽ ഒരുക്കുക, ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിക്കായി കൂടുതല്‍ സൗകര്യം ഒരുക്കുക എന്നീ നിർദേശങ്ങൾ റിപ്പോര്‍ട്ട് മുന്നോട്ട് വെച്ചു. ശക്തി പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം സ്ത്രീശാക്തീകരണമാണെന്നും പഠനത്തില്‍ കണ്ടെത്തിയ സ്ത്രീകളുടെ തൊഴില്‍ വര്‍ധന പ്രോത്സാഹനമായ സൂചനയാണ് നൽകുന്നതെന്നും കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.