ഡി.കെ. ശിവകുമാർ മാതാവ് ഗൗരമ്മയുടെ പാദവന്ദനം നടത്തുന്നു
ബംഗളൂരു: മാതാവ് ഗൗരമ്മയാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ എക്കാലത്തേയും കരുത്ത്. ബുധനാഴ്ച സത്യപ്രതിജ്ഞക്ക് പുറപ്പെടും മുമ്പ് നവതി പിന്നിട്ട അമ്മയുടെ പാദങ്ങൾ തൊട്ടുവന്ദിച്ചു. നന്നായി വരൂ എന്ന അവരുടെ വാക്കുകൾക്കപ്പുറം മറ്റൊരു ജീവാമൃതം ഇല്ല 64കാരനായ ഡി.കെക്ക്.
സി.ബി.ഐ, ഐ.ടി, ഇഡി സംഘങ്ങൾ നിരന്തരം വീട്ടിൽ റെയ്ഡ് നടത്തിയ 2020 കാലം മകനെ കൊടും കുറ്റവാളിയെപോലെ പിടിച്ചു കൊണ്ടുപോയപ്പോൾ ആ അമ്മ പറഞ്ഞ വാക്കുകൾ ചരിത്രമാണ്. "അവർക്ക് അവനോട് അത്രക്ക് ഇഷ്ടമായിരിക്കാം.
അതാവും ഇടക്കിടെ കൊണ്ടുപോയി താമസിപ്പിക്കുന്നത്. എന്നെയും കൂടെ കൊണ്ടുപോവുക. വെള്ളവും ആഹാരവും തന്നാൽ മതി"-എന്നായിരുന്നു ഗൗരമ്മ പറഞ്ഞത്.93കാരനായ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവ ഗൗഡയെ ശിവകുമാർ വീട്ടിൽ ചെന്ന് കണ്ടു. ജെഡിഎസ് ദേശീയ അധ്യക്ഷനും എൻ.ഡി.എയിലെ പ്രധാനിയും ആണെങ്കിലും അദ്ദേഹത്തിന്റെ അനുഭവങ്ങൾ തന്റെ പ്രയാണത്തിൽ പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ 83കാരൻ ബി.എസ്. യദ്യൂരപ്പ, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ സിദ്ധരാമയ്യ എന്നിവരേയും ശിവകുമാർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.