ബംഗളൂരു: വ്യാജ പ്രോപ്പർട്ടി വെബ്സൈറ്റാണെന്നറിയാതെ വീട് ബുക്ക് ചെയ്യാൻ ശ്രമിച്ച സോഫ്റ്റ് വെയർ ജീവനക്കാരന് 4.87 ലക്ഷം നഷ്ടമായി. അറിയപ്പെടുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിനോട് സാമ്യം തോന്നിപ്പിക്കുന്ന രീതിയിൽ വ്യാജ വെബ്സൈറ്റ് നിർമിച്ചാണ് തട്ടിപ്പുസംഘം ഇരകളെ കുടുക്കിയിരുന്നത്. തട്ടിപ്പിലൂടെ തനിക്ക് 4.87 ലക്ഷം രൂപ നഷ്ടമായെന്ന ആടുഗൊഡി സ്വദേശിയുടെ പരാതിയിൽ ബംഗളൂരു സൈബർ പൊലീസ് അന്വേഷണമാരംഭിച്ചു.
വൈറ്റ് ഫീൽഡ് ഭാഗത്ത് വീട് നോക്കുകയായിരുന്ന പരാതിക്കാരൻ വെബ്സെറ്റിലെ കോൺടാക്ട് നമ്പറിൽ ബന്ധപ്പെട്ടു. ഒരു പ്രമുഖ പ്രോപ്പർട്ടി വെബ് സൈറ്റിനോട് ഏറെ സാമ്യതയുള്ള വെബ്സൈറ്റായിരുന്നു ഇത്. അതിനാൽ ആദ്യത്തിൽ തട്ടിപ്പാണെന്ന് തിരിച്ചറിയാനായില്ല. ശ്രീനിവാസ, രാജേന്ദ്ര ജെയിൻ എന്നിവരെയാണ് ഉടമകളായി വെബ്സൈറ്റിൽ പരിചയപ്പെടുത്തിയിരുന്നത്.
ഇവരെ ബന്ധപ്പെട്ടപ്പോൾ മറ്റു രണ്ടുപേരായ ധർമേന്ദ്ര, നന്ദകിഷോർ എന്നിവരെ ബന്ധപ്പെടാൻ നിർദേശിച്ചു. തുടർന്ന് ഓൺലൈൻ വെരിഫിക്കേഷനായി പണമടക്കണമെന്ന് ഇവർ അറിയിച്ചു. ഇതനുസരിച്ച് മൂന്നു ലക്ഷം രൂപ നന്ദകിഷോറിനും 1.87 ലക്ഷം രൂപ ധർമേന്ദ്രക്കും വിവിധ ഘട്ടങ്ങളിലായി നൽകി. പിന്നീട്, സംശയം തോന്നി സോഫ്റ്റ് വെയർ ജീവനക്കാരൻ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ, അഡ്വാൻസ് തുക തിരിച്ച് നൽകില്ലെന്ന് മറുപടി നൽകിയ തട്ടിപ്പുകാർ വീട് ബുക്ക് ചെയ്യാൻ ഇത് നിർബന്ധമാണെന്നും അറിയിച്ചു.
എന്നാൽ, തന്റെ പേരിൽ ഒരു വീടും ബുക്ക് ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കിയ പരാതിക്കാരൻ, സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930ൽ വിളിച്ച് പരാതി അറിയിക്കുകയും ആഡുഗൊഡി പൊലീസ് സ്റ്റേഷനിൽ പരാതി എഴുതി നൽകുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.