ബംഗളൂരു: കനത്ത മഴയിൽ വെള്ളപ്പൊക്കത്തിൽ ദുരിതം വിതച്ച രാമനഗരയിൽ കാരുണ്യ ഹസ്തവുമായി മലയാളി സംഘടനകളടക്കം രംഗത്ത്. കഴിഞ്ഞദിവസം ഓള്‍ ഇന്ത്യ കെ.എം.സി.സിയുടെയും കർണാടക സംസ്ഥാന മുസ്‍ലിം ലീഗ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സഹായമെത്തിച്ച് കുടുംബങ്ങൾക്ക് കൈമാറി.
കനത്ത മഴയില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ക്കാണ് ജീവിതസമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടത്. അർക്കാവതി നദി കരകവിഞ്ഞതാണ് രാമനഗര മേഖലയിൽ ദുരിതം വർധിപ്പിച്ചത്. കൃഷിമേഖല മുഴുവൻ വെള്ളത്തിലായതിനുപുറമെ, താഴ്ന്ന ഭാഗങ്ങളിലെ മുഴുവൻ വീടുകളിലും വെള്ളം കയറി. നിർധനർ തിങ്ങിപ്പാർക്കുന്ന മേഖലകളിലെ സ്ഥിതി ദയനീയമാണ്. അരിയും ധാന്യങ്ങളുമടക്കമുള്ള അടുക്കള വസ്തുക്കളും പായയും കിടക്കയും വസ്ത്രങ്ങളുമടക്കമുള്ള വീട്ടുസാധനങ്ങളും കുട്ടികളുടെ സ്കൂൾ പുസ്തകങ്ങൾ വരെയും നശിച്ചു. മണ്ണുതേച്ച ചുമർവീടുകൾ പലതും നനഞ്ഞുകുതിർന്ന് അപകടാവസ്ഥയിലായി. പല വീടുകളും താമസയോഗ്യമല്ലാത്തവിധം നശിച്ചു. മഴവെള്ളം ഇറങ്ങിയതിനുശേഷം വീടുകളിൽ അടിഞ്ഞുകൂടിയ ചളി നീക്കാൻപോലും കഴിയാതെ നിസ്സഹായരായ കുടുംബങ്ങൾ പോലുമുണ്ടായിരുന്നെന്ന് പ്രദേശം സന്ദർശിച്ച മലയാളി സന്നദ്ധ പ്രവർത്തകർ പറഞ്ഞു.
രാമനഗരയിലെ സിയാവുല്ല ബ്ലോക്ക്, ടിപ്പു നഗർ മേഖലയിലാണ് കൂടുതൽ നാശനഷ്ടം നേരിട്ടത്. രാമനഗരയിലെ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായവും ലഭിച്ചില്ലെന്ന് കുടുംബങ്ങള്‍ ആരോപിക്കുന്നു.
കഴിഞ്ഞദിവസം എ.ഐ.കെ.എം.സി.സി ബംഗളൂരു സെക്രട്ടറി എം.കെ. നൗഷാദിന്റെ നേതൃത്വത്തിൽ പ്രവര്‍ത്തകർ രാമനഗരയിലെത്തി സഹായം കൈമാറി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന എഴുന്നൂറോളം ആളുകള്‍ക്ക് മൂന്നുദിവസത്തെ പ്രഭാത ഭക്ഷണം അവർ നൽകി. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന 250തോളം കുടുംബങ്ങള്‍ക്ക് ബ്ലാങ്കറ്റുകളും തലയണയും ബെഡ്ഷീറ്റുകളും നല്‍കി. മുതിര്‍ന്നവരും കുട്ടികളും സ്ത്രീകളും അടങ്ങുന്ന അഞ്ഞൂറോളം പേര്‍ക്ക് വസ്ത്രങ്ങളും നല്‍കി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എം.കെ. നൗഷാദ്, ടി. ഉസ്മാന്‍, അഫ്‌സല്‍ ബിഡദി, ഹൈദരലി, ഷക്കീല്‍, ഫൈറൂസ്, എം.കെ. നൗഷാദ്, റസാഖ്, നാസര്‍, അബ്ദുല്ല മാവള്ളി, മുഹമ്മദ് മാര്‍ത്തഹള്ളി, അഫ്‌സല്‍ ബിഡദി, നൗഷാദ് ബിഡദി, നാസര്‍ ബഷീര്‍ എച്ച്.എസ്.ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബാംഗ്ലൂർ മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും രാമനഗര സന്ദർശിച്ച് സാഹചര്യം വിലയിരുത്തി. ബംഗളൂരുവിലെ വ്യാപാരി കൂട്ടായ്മയായ ബി.എം.എയുടെ കാരുണ്യകരങ്ങൾ രാമനഗരയിലെ ദുരിതബാധിതരിലേക്കും നീട്ടുമെന്ന് അദ്ദേഹം അറിയിച്ചു. ഹിറ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലും സഹായമെത്തിക്കും.
മഴ: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 250 കോടി- റവന്യൂമന്ത്രി
ബംഗളൂരു: കനത്ത മഴയെത്തുടർന്നുണ്ടായ കെടുതികളുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 250 കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി ആര്‍. അശോക പറഞ്ഞു. നഷ്ടപരിഹാരത്തുക ദുരിതബാധിതരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറാന്‍ ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്ക് നിർദേശം നല്‍കി. ഏഴു പുതിയ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. അഞ്ച് എൻ.ഡി.ആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു. ഇതുവരെ 8,217 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും 82 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നതായും 7,959 പേരെ പുനരധിവസിപ്പിച്ചതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 7,648.13 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. എന്‍ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 1012.5 കോടി രൂപയുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലായി മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തിന് 7,548.13 കോടി രൂപയുടെ നഷ്ടവും 96 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. 5.51 ലക്ഷം ഹെക്ടര്‍ കൃഷിയിടത്തില്‍ കൃഷിനാശമുണ്ടായിട്ടുണ്ട്. കൂടാതെ, ഹോര്‍ട്ടികള്‍ച്ചറല്‍ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 17,000 ഹെക്ടര്‍ കൃഷിഭൂമിയും 12,000 പ്രദേശങ്ങളിലെ വിളകളും ഉള്‍പ്പെടെ മൊത്തം 5.8 ലക്ഷം ഹെക്ടര്‍ ഭൂമി നശിച്ചു. മഴക്കെടുതിയില്‍ 22,734 കിലോമീറ്റര്‍ റോഡുകള്‍, 1471 പാലങ്ങള്‍, 199 ചെറുകിട ജലസേചന തടാകങ്ങള്‍, 6998 സ്കൂള്‍ കെട്ടിടങ്ങള്‍, 236 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 3,189 അംഗൻവാടികള്‍, ഗ്രാമപഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ എന്നിവ നശിച്ചതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.