ബംഗളൂരു: ചിക്കജാല പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി. ശിവണ്ണയെ വഞ്ചനാ കേസിൽ ‘ബി റിപ്പോർട്ട്’ ഫയൽ ചെയ്യുന്നതിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. രവികുമാർ എന്നയാളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്താണ് നടപടി. ചിക്കജാല പൊലീസ് സ്റ്റേഷനിൽ രവികുമാറിനെതിരെ വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ‘ബി റിപ്പോർട്ട്’ ഫയൽ ചെയ്യാൻ ശിവണ്ണ മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. ‘ബി റിപ്പോർട്ട്’ (അല്ലെങ്കിൽ ബി-സംഗ്രഹം) എന്നത് പൊലീസ് കോടതിയിൽ സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടാണ്.
പരാതി വ്യാജമാണെന്നും ദുരുദ്ദേശ്യപരമാണെന്നും ഒരു കുറ്റകൃത്യവും സംഭവിച്ചിട്ടില്ലെന്നും പ്രതി കുറ്റക്കാരനല്ലെന്നും അദ്ദേഹത്തെ കുറ്റമുക്തനാക്കണം എന്നും സൂചിപ്പിക്കുന്ന റിപ്പോർട്ട്. കൈക്കൂലി നൽകാൻ തയാറാകാതെ രവികുമാർ ലോകായുക്ത പൊലീസിനെ സമീപിച്ച് പരാതി നൽകി. ലോകായുക്ത പൊലീസ് ഒരുക്കിയ കെണിയനുസരിച്ച് പൊലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ശിവണ്ണയുടെ ഇരുചക്രവാഹനത്തിൽ രവികുമാർ രണ്ട് ലക്ഷം രൂപയുമായി എത്തി. ശിവണ്ണ പണം സ്വീകരിക്കുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥർ സാക്ഷികളുടെ സാന്നിധ്യത്തിൽ കൈയോടെ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.