പ്ര​തി​ക​ളായ ഗ​ണേ​ഷ്, ര​മേ​ശ്, മ​നു

അപകടത്തിൽ പെട്ട ബൈക്ക് യാത്രികന്റെ രക്ഷകരായെത്തി, 80,000 ഓൺലൈൻ വഴി തട്ടി; രണ്ടുപേർ അറസ്റ്റിൽ

ബംഗളൂരു: അർധരാത്രി പാതയിൽ പരിക്കേറ്റ് കിടന്ന ബൈക്ക് യാത്രികന്റെ രക്ഷകർ ചമഞ്ഞെത്തിയ രണ്ടുപേർ ഓൺലൈൻ ട്രാൻസ്ഫർ വഴി 80,000 രൂപ കൊള്ളയടിച്ചു. സംഭവത്തിലെ പ്രതികളെ മൈസൂരു ജില്ല സൈബർ കുറ്റകൃത്യം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് (സി.ഇ.എൻ) പൊലീസ് അറസ്റ്റ് ചെയ്തു. മഹാദേവപുരയിലെ കെ. രമേശ്(31), രമാബായിനഗർ റെയിൽവേ ലേഔട്ടിലെ മനു (30) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 16ന് അർധരാത്രിയോടെയാണ് സംഭവം നടന്നത്.

ഹുൻസൂർ താലൂക്കിലെ ബെങ്കിപുര ഗ്രാമത്തിൽ താമസിക്കുന്ന ഗണേഷ് നഞ്ചൻഗുഡിനടുത്തുള്ള കടക്കോളയിലെ തന്റെ ഫാക്ടറിയിൽനിന്ന് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പാത മുറിച്ചുകടക്കുകയായിരുന്ന നായെ ഇടിച്ച് വാഹനത്തിൽനിന്ന് തെറിച്ചുവീണ് ബോധരഹിതനായി. ബോധം വീണ്ടെടുത്തെ ഗണേഷ് ദിശ തെറ്റിയ അവസ്ഥയിലായി. ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് അരികിലെത്തിയ പ്രതികൾ ഗണേഷിന്റെ സ്മാർട്ട്‌ഫോൺ കൈക്കലാക്കി.

വൈദ്യസഹായം വാഗ്ദാനം ചെയ്തവരെ വിശ്വസിച്ച് ഗണേഷ് പിൻ നമ്പർ വെളിപ്പെടുത്തിയതോടെ അയാളുടെ അക്കൗണ്ടിൽ ഫോൺപേയായി രമേശ് ഭാര്യയുടെ ഓൺലൈൻ വാലറ്റിലേക്ക് 60,000 രൂപയും മനു സ്വന്തം അക്കൗണ്ടിലേക്ക് 20,000 രൂപയും ട്രാൻസ്ഫർ ചെയ്തു. പ്രതികൾ ഓടി രക്ഷപ്പെട്ടയുടനെ വഴിയാത്രക്കാർ ഗണേഷിന് വൈദ്യസഹായം ലഭ്യമാക്കാൻ സഹായിച്ചു. പിന്നീട് അദ്ദേഹം തന്റെ സഹോദരൻ അങ്കനായകയെ സംഭവത്തെക്കുറിച്ച് അറിയിച്ചു. 19ന് അങ്കനായക ജില്ല സൈബർ ക്രൈം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് (സി.ഇ.എൻ) പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

മനുഷ്യത്വത്തിന്റെ മറവിൽ നടന്ന കുറ്റകൃത്യം ഗൗരവമായി കണ്ട പൊലീസ് സൂപ്രണ്ട് എൻ. വിഷ്ണുവർധന, അഡീഷനൽ എസ്.പിമാരായ സി. മല്ലിക്, എൽ. നാഗേഷ് എന്നിവർ ചേർന്ന് പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപവത്കരിച്ചു. സി.ഇ.എൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആർ. ശ്രീകാന്ത്, ഇൻസ്പെക്ടർ എസ്.പി സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഫോൺപേ ഇടപാടുകളുമായി ബന്ധപ്പെട്ട ഫോൺ നമ്പറുകൾ കണ്ടെത്തി പ്രതികളെ രാമബായിനഗറിൽനിന്ന് ബുധനാഴ്ച അറസ്റ്റ് ചെയ്തു. സി.ഇ.എൻ സബ് ഇൻസ്പെക്ടർ സുരേഷ് ബൊപ്പണ്ണ, സ്റ്റാഫ് അംഗങ്ങളായ എസ്. മഞ്ജുനാഥ്, എച്ച്.വി. രംഗസ്വാമി, ബസവരാജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Two arrested for saving biker from accident, swindling him of Rs 80,000 online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.