ബി.ജെ.പി പ്രവർത്തകർ നഗര പഞ്ചായത്തുകളിൽ നേടിയ വിജയം ആഘോഷിക്കുന്നു
മംഗളൂരു: ടൗൺ പഞ്ചായത്തുകളായി ഉയർത്തിയ കിന്നിഗോളി, ബാജ്‌പെ, മാൻകി ടൗൺ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ വ്യക്തമായ ഭൂരിപക്ഷം നേടി ബി.ജെ.പി വിജയിച്ചു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് ഫലം ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. മുൽകി താലൂക്കിലെ കിന്നിഗോളി ടൗൺ പഞ്ചായത്തിൽ 18 വാർഡുകളിൽ 10 എണ്ണം ബി.ജെ.പിയും എട്ട് വാർഡുകൾ കോൺഗ്രസും നേടി. നാല് വർഷം മുമ്പ് കിന്നിഗോളി ടൗൺ പഞ്ചായത്ത് അപ്‌ഗ്രേഡ് ചെയ്തതിനുശേഷം അവിടെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ കിന്നിഗോളിയിലുടനീളം ബി.ജെ.പി പ്രവർത്തകർ ആഘോഷിച്ചു.
എം.എൽ.എ ഉമാനാഥ് കോട്ടിയൻ, ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് സുനിൽ ആൽവ, മുൽക്കി ടൗൺ പഞ്ചായത്ത് പ്രസിഡന്റ് സതീഷ് അഞ്ചൻ, മണ്ഡലം പ്രസിഡന്റ് ദിനേശ് പുത്രൻ, മറ്റ് പാർട്ടി നേതാക്കൾ എന്നിവർ വിജയാഘോഷങ്ങളിൽ പങ്കെടുത്തു. മംഗളൂരു താലൂക്കിൽ ബാജ്‌പെ ടൗൺ പഞ്ചായത്തിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പിൽ 19 വാർഡുകളിൽ 11 സീറ്റുകൾ ബി.ജെ.പി നേടി. കോൺഗ്രസിന് നാല് സീറ്റുകളും എസ്.ഡി.പി.ഐക്ക് മൂന്ന് സീറ്റുകളും ലഭിച്ചു.
ഒരു സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു. ഉത്തര കന്നട ജില്ലയിൽ ഹൊന്നവാർ താലൂക്കിലെ മാൻകി ടൗൺ പഞ്ചായത്തിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയുള്ള സ്ഥാനാർഥികൾ നിർണായക ഭൂരിപക്ഷം നേടി. 20 വാർഡുകളിൽ കോൺഗ്രസ് പിന്തുണയുള്ള രണ്ട് സ്ഥാനാർഥികൾ ഇതിനകം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശേഷിക്കുന്ന 18 വാർഡുകളിൽ, ബി.ജെ.പി പിന്തുണയുള്ള സ്ഥാനാർഥികൾ 12 സീറ്റുകൾ നേടി, അതേസമയം കോൺഗ്രസ് പിന്തുണയുള്ള സ്ഥാനാർത്ഥികൾ ആറ് സീറ്റുകൾ നേടി, കോൺഗ്രസിന്റെ എണ്ണം ആകെ എട്ട് സീറ്റുകളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.