ഡി.ജി.പി മാധ്യമങ്ങളോട് സംസാരിക്കുന്നു
മംഗളൂരു: സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മോചനം നേടാൻ കഴിയാത്ത തടവുകാരെ സഹായിക്കുന്നതിന് ലീഗൽ സർവിസസ് അതോറിറ്റി വഴി ശ്രമങ്ങൾ നടത്തുമെന്ന് ജയിൽ ഡി.ജി.പി അലോക് കുമാർ ചൊവ്വാഴ്ച പറഞ്ഞു. മംഗളൂരു ജില്ല ജയിലിൽ പരിശോധന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിന്നു അദ്ദേഹം. എ.ബി ബ്ലോക്കുകളിലെ തടവുകാർ കഴിഞ്ഞ ആഴ്ച ചേരിതിരിഞ്ഞ് വെല്ലുവിളി നടത്തുകയും ജയിൽ സൂപ്രണ്ടിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
ബാർകെ പൊലീസ് സഹായത്തോടെ നടത്തിയ പരിശോധനയിൽ ആറ് മൊബൈൽ ഫോണുകളും മറ്റു നിരോധിത സാമഗ്രികളും കണ്ടെത്തി. സംഘർഷം നിറഞ്ഞ ജയിലിന്റെ പ്രവർത്തനം ക്രമീകരിക്കാനുള്ള ദൗത്യവുമായാണ് ഡി.ജി.പി എത്തിയത്. കർണാടകയിലെ എല്ലാ ജയിലുകളിലും ഘട്ടംഘട്ടമായി പരിശോധന നടത്തുമെന്ന് അലോക് കുമാർ പറഞ്ഞു. സെൻസിറ്റീവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മംഗളൂരു ജയിലിന് പ്രത്യേക സുരക്ഷാ മുൻഗണന നൽകിയിട്ടുണ്ട്.
അച്ചടക്കം ലംഘിക്കുകയും അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യുന്ന തടവുകാരെ കണ്ടെത്തി മറ്റു ജില്ലകളിലെ ജയിലുകളിലേക്ക് മാറ്റിയിട്ടുണ്ട്. ജയിലിനുള്ളിൽ മൊബൈൽ ഫോൺ വിതരണം ചെയ്തതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡി.ജി.പി പറഞ്ഞു. കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി. മൊബൈൽ ജാമറുകൾ സംബന്ധിച്ച പരാതികൾ പരാമർശിച്ച അദ്ദേഹം, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സംവിധാനങ്ങൾ നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.
ബംഗളൂരു, മൈസൂരു ജയിലുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ എ.ഐ അധിഷ്ഠിത നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മംഗളൂരു ജയിലിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും കുമാർ പറഞ്ഞു. മുടിപ്പുവിൽ ജയിലിന്റെ നിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ആഭ്യന്തര മന്ത്രിക്ക് മുന്നിൽ ഈ വിഷയം ഉന്നയിക്കുമെന്നും തദ്ദേശ പ്രതിനിധികളോട് ഈ വിഷയം മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യപ്പെടുമെന്നും ഡി.ജി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.