മെമുവിൽ യാത്രക്കാരെ നിറക്കാൻ പദ്ധതിയുമായി റെയിൽവേ

ബംഗളൂരു: മെമു ട്രെയിൻ സർവിസുകളിൽ കൂടുതൽ യാത്രക്കാരെ എത്തിക്കാൻ വിവിധ നടപടികളുമായി സൗത്ത്-വെസ്റ്റേൺ റെയിൽവേ. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് മാസപാസ് എടുക്കാൻ ആവശ്യപ്പെടുന്നതടക്കമുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

ഇതിനായി കഴിഞ്ഞ ദിവസം വിമാനത്താവള നടത്തിപ്പുകാരായ ഇന്‍റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ), കാർഗോ മേഖലയിലുള്ളവർ, എയർലൈൻ കമ്പനി അധികൃതർ, നിർമാണകമ്പനി അധികൃതർ എന്നിവരുടെ യോഗം റെയിൽവേ നടത്തി. 20 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.കെ.എസ്.ആർ ബംഗളൂരു, കന്‍റോൺമെന്‍റ്, യെലഹങ്ക, സ്റ്റേഷനുകളിൽനിന്ന് കെംപഗൗഡ വിമാനത്താവള സ്റ്റേഷൻ (കെ.ഐ.എ ഹാൾട്ട്) വഴി ദേവനഹള്ളിയിലേക്ക് അഞ്ചുജോഡി മെമു സർവിസ് കഴിഞ്ഞ മാസം തുടങ്ങിയിരുന്നു. എന്നാൽ, മിക്കവാറും ആളില്ലാതെയാണ് ട്രെയിൻ ഓടുന്നത്. ഈ സാഹചര്യത്തിലാണ് നടപടി.

ഇതിന്‍റെ ഭാഗമായി വിമാനത്താവള സർവിസ് സമയം പരിഷ്കരിക്കുമെന്നും അധികൃതർ അറിയിച്ചു. ഏകദേശം ഒരു മാസം മുമ്പാണ് മെമു സർവിസ് തുടങ്ങിയതെന്നും സർവിസ് മെച്ചപ്പെടുത്താനും കൂടുതൽ ആളുകൾക്ക് ഇതിന്‍റെ പ്രയോജനം കിട്ടാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡിവിഷനൽ റെയിൽവേ മാനേജർ ഡി.ആർ.എം. ശ്യാം സിങ് പറഞ്ഞു.

നിലവിൽ ഒരു മെമു ട്രെയിനിൽ 800 പേർക്ക് യാത്ര ചെയ്യാനാകും. എന്നാൽ, പത്തുപേർ മാത്രമാണ് നിലവിൽ യാത്ര ചെയ്യുന്നത്. സർവിസുകൾ മെച്ചപ്പെടുത്താനും കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുത്താനും മറ്റുള്ളവരിൽനിന്ന് തങ്ങൾ നിർദേശം തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. മെമു ഷെഡ്യൂൾ പുനഃക്രമീകരിക്കൽ, ദൊഡ്ഡജല അടക്കമുള്ള സ്ഥലങ്ങളിൽ സ്റ്റോപ് അനുവദിക്കൽ തുടങ്ങിയ നിർദേശങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്.

കെംപെഗൗഡ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ, ജീവനക്കാർ എന്നിവർക്ക് മെമു സർവിസുകൾ ഉപയോഗപ്പെടാൻ തക്ക നിർദേശങ്ങൾ കാക്കുകയാണെന്നും അധികൃതർ പറഞ്ഞു. വിമാനത്താവളത്തിലേക്ക് മെമുവിൽ യാത്ര ചെയ്യുകയാണെങ്കിൽ ചുരുങ്ങിയ പണം മാത്രമേ ആവശ്യമുള്ളൂ.

ഒരു മാസത്തേക്കുള്ള പാസ് എടുത്താൽ തുക വീണ്ടും കുറയും. ആവശ്യപ്പെടുകയാണെങ്കിൽ അതാതിടത്തെ ഓഫിസുകളിൽ മാസപാസ് എത്തിക്കാനും തയാറാണ്. മാസപാസിന് 300 രൂപയാണ്.നഗരത്തിനുള്ളിൽനിന്നുള്ള ഒരു യാത്രക്ക് 35 രൂപയാണ് മെമുവിൽ ടിക്കറ്റ് നിരക്ക്. വിമാനത്താവളത്തിന്‍റെ കാമ്പസിനുള്ളിൽ വിവിധ മേഖലകളിലായി 28,000ത്തിലധികം ആളുകൾ ജോലി ചെയ്യുന്നുവെന്നാണ് കണക്ക്.

Tags:    
News Summary - Railways plans to fill passengers in MEMU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.