മംഗളൂരു: കുടിയേറ്റ തൊഴിലാളികൾ അടിമകളോ തീവ്രവാദികളോ അല്ലെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദർ പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെ ഒന്നിപ്പിക്കുക, സുരക്ഷ, അന്തസ്സ്, നീതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കുക എന്ന ആഹ്വാനത്തോടെ എ.ഐ.സി.സി.ടി.യു ദക്ഷിണ കന്നട ജില്ല കമ്മിറ്റി സംഘടിപ്പിച്ച കുടിയേറ്റ തൊഴിലാളികളുടെ ജില്ല സമ്മേളനത്തിൽ സംസാരിക്കുന്നു അദ്ദേഹം.
ദുഷ്‌കര ഘട്ടത്തിലൂടെ കടന്നുപോവുന്ന രാജ്യത്ത് ഗുരുതര വെല്ലുവിളി നേരിടുന്നവരിൽ അസംഘടിത തൊഴിലാളികളും ഉൾപ്പെടുന്നു. സമീപ വർഷങ്ങളിലെ പ്രധാന നയ തീരുമാനങ്ങൾ അസംഘടിത തൊഴിലാളികളെ സാരമായി ബാധിച്ചു. അടുത്ത കാലത്തായി തൊഴിൽ സംരക്ഷണം ദുർബലമായി. പുതിയ നിയമ മാറ്റം തൊഴിലാളികൾക്ക് പരിമിത സുരക്ഷ മാത്രമേ ഉള്ളൂ.
തൊഴിലാളികളെ ‘രാജ്യദ്രോഹികൾ’, ’നുഴഞ്ഞുകയറ്റക്കാർ’, എന്ന് മുദ്രകുത്തുന്ന പ്രവണത വർധിച്ചുവരികയാണ്. പ്രത്യേകിച്ച് മുസ്‌ലിം തൊഴിലാളികളെ ‘ബംഗ്ലാദേശികൾ’ എന്നും ‘ഗുസ്പേട്ടികൾ’ എന്നും വിളിക്കുന്നു. ഉപജീവനമാർഗം തേടിയാണ് ആളുകൾ കുടിയേറുന്നത്. കാരണമില്ലാതെ ആരും വീടുവിട്ട് പോകാറില്ല. ‘ഗുസ്പേട്ടികൾ’ എന്ന പദം രാജ്യത്തിനെതിരായ ഗൂഢാലോചനയെ സൂചിപ്പിക്കുന്ന ഒന്നാണ്. അത്തരം ലേബലുകൾ തൊഴിലാളികൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പിയിലെ ചില മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ നടത്തിയ പ്രസ്താവനകൾ സംശയത്തിനും ഭിന്നതക്കും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.