ആർ.എസ്.എസിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക് ഖാർഗെ

ബംഗളൂരു: രാഷ്ട്രീയ സ്വയംസേവക സംഘത്തിനെതിരെ (ആർ.എസ്.എസ്) ഗുരുതര ആരോപണവുമായി പ്രിയങ്ക് ഖാർഗെ. ആർ.എസ്.എസ് കള്ളപ്പണം വെളുപ്പിക്കുന്നതിൽ പങ്കാളികളാണ്. രാജ്യത്തെ എല്ലാവർക്കും ബാധകമായ നിയമവും ഭരണഘടനയും ആർ‌.എസ്‌.എസിനും ബാധകമാക്കണമെന്ന് അവരുടെ വരുമാനസ്രോതസ്സിനെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസ് അവരുടെ ഓഫിസിൽ ദേശീയപതാക ഇതുവരെ ഉയർത്തിയിട്ടില്ല. അവരാണ് നമ്മെ ദേശസ്‌നേഹം പഠിപ്പിക്കുന്നത്. ആർ.എസ്.എസിന് അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി വിദേശരാജ്യങ്ങളിലെ 2,500ലധികം സംഘടനകളില്‍നിന്ന് പണം ലഭിക്കുന്നുണ്ടെന്നും ഇത് കള്ളപ്പണം വെളുപ്പിക്കലാണെന്നും പൊതുജനങ്ങളെ അഭിസംബോധന ചെയ്തു അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ നല്ല പൗരന്മാരാകണമെന്നും ആദായനികുതി അടക്കണമെന്നും അവർ ആഗ്രഹിക്കുന്നു. പക്ഷേ അവർ മാത്രം സ്വതന്ത്രരായി തുടരാൻ ആഗ്രഹിക്കുന്നു.

അതെങ്ങനെ സാധ്യമാകും. നമ്മൾ ഇതിനെ ചോദ്യം ചെയ്യണമെന്നും ആർ.എസ്.എസിന് എവിടെനിന്നാണ് പണം ലഭിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആർ‌.എസ്‌.എസ് രജിസ്റ്റർ ചെയ്യാത്ത സംഘടനയാണ്. 'അവർ നിയമത്തിനോ ഭരണഘടനക്കോ അതീതരാണോ? ആർ‌.എസ്‌.എസ് ആയാലും മറ്റേത് സംഘടനയായാലും നിയമത്തിന്‍റെയും ഭരണഘടനയുടെയും പരിധിയിൽ വരുന്നത് നല്ലതാണ്. അവർ നിയമത്തിനും ഭരണഘടനക്കും മുകളിലാണോ? ആർ‌.എസ്‌.എസ് മേധാവി മോഹൻ ഭഗവത് പറയുന്നത് ആർ‌.എസ്‌.എസ് വ്യക്തികളുടെ സംഘടനയാണെന്നാണ്. ബാംഗ്ലൂർ ക്ലബും അങ്ങനെയാണ്. അവർ രജിസ്റ്റർ ചെയ്തിട്ടില്ലേ? അവർ നികുതി അടയ്ക്കുന്നില്ലേ? എന്നും അദ്ദേഹം ചോദിച്ചു.

ആർ‌.എസ്‌.എസ് രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണ്? അവരുടെ സംഭാവന എവിടെനിന്ന് വരുന്നു? ആരാണ് അത് അടയ്ക്കുന്നത്? എന്തുകൊണ്ടാണ് ആർ‌.എസ്‌.എസ് നികുതി അടയ്ക്കാത്തത്? മറ്റുള്ളവരുടെ ഓരോ രൂപയും കണക്കിൽ വെക്കുമ്പോൾ, ആർ‌.എസ്‌.എസിന്‍റെ പണത്തിന് ഉത്തരവാദിത്തമില്ലാത്തത് എന്തുകൊണ്ട്? എന്നീ ചോദ്യങ്ങളും മന്ത്രി മുന്നോട്ട് വെച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആർ.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. നിയമയുദ്ധത്തിനുശേഷം പ്രിയങ്ക് ഖാർഗെയുടെ നിയമസഭ മണ്ഡലമായ ചിറ്റാപൂരില്‍ ആർ.എസ്.എസ് പദയാത്ര നടത്തിയിരുന്നു. രജിസ്റ്റര്‍ ചെയ്യാത്ത സംഘടനകളാണ് ഇന്ത്യയിലെ യഥാർഥ പ്രശ്നം. ഇത്തരം സംഘടനകള്‍ എന്താണ് ചെയ്യുന്നതെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ, അവര്‍ക്ക് പൂര്‍ണ രാഷ്ട്രീയ സ്വാതന്ത്ര്യം വേണം. മറ്റെല്ലാ സംഘടനകളെപ്പോലെ ആർ.എസ്.എസിന്‍റെ സംഘടന പ്രവര്‍ത്തനങ്ങള്‍ സുതാര്യമാവണമെന്നും പ്രിയങ്ക് കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 15 നു നടന്ന ഇര്‍ഷാദ് ഉപ്പിനന്‍ ഗാഡിയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ആർ.എസ്.എസിനെ ഡെവിള്‍ എന്നു ഖാര്‍ഗെ അഭിസംബോധന ചെയ്തത്. 1925 ലാണ് ആർ.എസ്.എസ് സ്ഥാപിതമായതെന്നും ഇത് വ്യക്തികളുടെ കൂട്ടായ്മ മാത്രമാണെന്നും നിയമപരമായി രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യകതയില്ലെന്നും എം.എല്‍.സി ചലവാടി നാരായണസ്വാമി ഖാർഗെയുടെ പരാമര്‍ശത്തിന് മറുപടിയായി പറഞ്ഞു.

Tags:    
News Summary - Priyank Kharge against RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.