ബംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) ലഗേജ് നിരക്ക് വർധിപ്പിച്ചതായി കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ അക്രം പാഷ. ഡീസൽ, ജീവനക്കാരുടെയും മറ്റ് ചെലവുകളിലെ വർധന കണക്കിലെടുത്താണ് പരിഷ്കരണം.
സാധാരണ യാത്രാനിരക്ക് വര്‍ധനക്കനുസരിച്ച് ലഗേജ് നിരക്കും പരിഷ്കരിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം യാത്രാനിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ലഗേജ് നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല. 30 കിലോ വരെയുള്ള ലഗേജുകള്‍ സൗജന്യമായി കൊണ്ടുപോകാം. 30 കിലോക്ക് മുകളിലുള്ള ലഗേജുകള്‍ക്കാണ് നിരക്ക് ബാധകമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
2025ൽ നടപ്പാക്കിയ നിരക്ക് വർധനയനുസരിച്ച് ലഗേജ് നിരക്ക് ഏകദേശം 15 ശതമാനം വർധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യാത്രാഘട്ടങ്ങൾക്കനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. ലഗേജ് ചാർജ് 1-5 സ്റ്റേജുകള്‍ക്ക് ആറ് രൂപയും, 6-10 സ്റ്റേജുകള്‍ക്ക് 12 രൂപയും 11-15 സ്റ്റേജുകള്‍ക്ക് 20 രൂപയും 16-20 സ്റ്റേജുകള്‍ക്ക് 25 രൂപയുമായിരിക്കും. 156 മുതൽ 160 വരെയുള്ള സ്റ്റേജുകള്‍ക്ക് 145 രൂപയുമായാണ് വര്‍ധിപ്പിച്ചത്. സാധാരണ ബാഗുകൾക്ക് പുറമെ ബസിലെ ലഗേജ് ഏരിയയിൽ ആവശ്യത്തിന് സ്ഥലമുണ്ടെങ്കില്‍ വാഷിങ് മെഷീന്‍ പോലുള്ള ഗൃഹോപകരണങ്ങളും ചെറിയ വളർത്തുമൃഗങ്ങളെയും കൊണ്ടുപോകാം.
നിലവിലെ നിരക്ക് വർധന കോർപറേഷന്‍റെ വരുമാനം മെച്ചപ്പെടുത്താൻ സഹായിക്കും. കെ.എസ്.ആർ.ടി.സി ബസുകൾവഴി പാഴ്‌സൽ അയക്കുന്ന യാത്രക്കാരും വാണിജ്യ ഉപയോക്താക്കളും ലഗേജ് ബുക്ക് ചെയ്യുന്നതിനോ അയക്കുന്നതിനോ മുമ്പ് പുതുക്കിയ നിരക്ക് പരിശോധിക്കണമെന്ന് കോർപറേഷൻ അറിയിച്ചു. ഫെബ്രുവരി 16 മുതൽ എല്ലാ ഡിപ്പോകളിലും ബുക്കിങ് കൗണ്ടറുകളിലും പുതിയ നിരക്ക് പാലിക്കണമെന്ന് കോർപറേഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.