മംഗളൂരു: വർഗീയത പ്രതിരോധിക്കാൻ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ കുമാർ പറഞ്ഞു. പൊലീസിനെ ഞായറാഴ്ച രാത്രി കഡബ സ്റ്റേഷന് പുറത്ത് നടത്തിയതുപോലുള്ള പ്രതിഷേധങ്ങളിലൂടെ നിർവീര്യമാക്കാമെന്ന് കരുതേണ്ട.
അടുത്തിടെ നടന്ന കൊലപാതകങ്ങളുടെ വെളിച്ചത്തിൽ ദക്ഷിണ കന്നട ജില്ലയിലും മംഗളൂരു സിറ്റി കമീഷണറേറ്റ് പരിധിയിലും ക്രമസമാധാന നില തകർന്നുവെന്ന് ജില്ല പൊലീസിന് പറയേണ്ടിവന്നിരിക്കുന്നു. കഴിഞ്ഞ 5-10 വർഷത്തിനിടയിലെ കൊലപാതക കേസുകളുടെ വിശകലനം കാണിക്കുന്നത് ചില പ്രതികൾക്ക് വർഗീയ സംഘടനകളുമായി ബന്ധമുണ്ടെന്നാണ്.
അത്തരം സംഘടനകളുടെ നേതാക്കളുടെ നീക്കങ്ങളും പ്രവർത്തനങ്ങളും ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം എല്ലാ ഗ്രൂപ്പുകളെയും പരിശോധിക്കാൻ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രതിരോധ നടപടികൾ തുടരും.
വിവിധ സംഘടനകളിലെ പ്രധാന അംഗങ്ങളുടെ പശ്ചാത്തല പരിശോധന തുടരുന്നതിന് എതിരെയാണ് കടബ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധമുണ്ടായത്. ജില്ലയിലുടനീളം സമാധാനവും സ്ഥിരതയും നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിശോധനകളെന്ന് ജനങ്ങൾ മനസ്സിലാക്കണം. പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്.
ഈ ശ്രമങ്ങളെ എതിർക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ക്രമസമാധാനം പൂർണമായി പുനഃസ്ഥാപിക്കപ്പെടുന്നതുവരെ ഞങ്ങൾ അത്തരം നടപടികൾ നടപ്പിലാക്കുന്നത് തുടരും. നിയമവിരുദ്ധമായ പ്രതിഷേധത്തിൽ പങ്കെടുത്ത വ്യക്തികൾക്കും അവരെ പ്രതിനിധീകരിക്കാൻ കുടുംബാംഗങ്ങൾ മുന്നോട്ട് വന്നാൽ അവർക്കും ആവശ്യമെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.