മംഗളൂരു: പൊലീസിന്റെ അനുമതിയില്ലാതെ വിശ്വഹിന്ദു പരിഷത്ത് മേഖല കൺവീനർ ശരൺ പമ്പുവെല്ലിനെ പരിപാടിയിലേക്ക് ക്ഷണിച്ചതിന് ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ ഹിരിയഡ്ക പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധനാണ് ശരൺ. ബുധനാഴ്ച ഹിരിയഡ്ക കോട്നകട്ടെയിൽനിന്ന് ദേവഡിഗ ഭവനിലേക്ക് ബജ്റംഗ്ദൾ പന്തം കൊളുത്തി ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. തുടർന്ന് പൊതുയോഗവും നടത്തി.
വൈകീട്ട് ആറിന് ആരംഭിക്കേണ്ടിയിരുന്ന ഉദ്ഘാടന പരിപാടി 7.30ലേക്ക് നീട്ടുകയും രാത്രി 10 വരെ നീളുകയും ചെയ്തു. പരിപാടിക്ക് അനുമതി നൽകുമ്പോൾ വർഗീയ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്നില്ലെന്ന് കർശനമായി ഉറപ്പാക്കണമെന്ന് പൊലീസ് സംഘാടകർക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ, തെരുവുഗുണ്ട ദിനേശ് മെൻഡനും കൂട്ടാളികളും ചേർന്ന് വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിന് ഇതിനകം കേസ് നിലനിൽക്കുന്ന ശരണിനെ ക്ഷണിക്കുകയും വേദി നൽകുകയും ചെയ്തു. ശരണിന്റെ പങ്കാളിത്തത്തെക്കുറിച്ചും പരിപാടിയിലെ പ്രസംഗത്തെക്കുറിച്ചും ഹിരിയഡ്ക പൊലീസിനെ മുൻകൂട്ടി അറിയിക്കാതിരുന്നതിന് മെൻഡൻ, സുബ്രഹ്മണ്യ ഭട്ട് എന്നിവരുൾപ്പെടെയുള്ള ബജ്റംഗ്ദൾ നേതാക്കൾക്കെതിരെയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.