മംഗളൂരു: ജമ്മു-കശ്മീർ അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികളുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കർണാടക തീരജില്ലകളിൽ സുരക്ഷാ നടപടികൾ ശക്തമാക്കി. ദക്ഷിണ കന്നട ഉഡുപ്പി, ഉത്തര കന്നട ജില്ലകളിലാണ് പ്രത്യേക സുരക്ഷ.
ഇന്ത്യൻ കോസ്റ്റ് ഗാർഡും തീരദേശ സുരക്ഷാ പൊലീസും സംയുക്തമായി രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുകയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഏകോപിത പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. തീരദേശ സുരക്ഷാ പൊലീസ് തുടർച്ചയായ പട്രോളിങ് പ്രവർത്തനങ്ങൾ നടത്തിവരുകയാണ്.
ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സംശയാസ്പദമായ ബോട്ട് നീക്കങ്ങളോ കടലിൽ സംശയാസ്പദമായ വിദേശ പൗരന്മാരെ കണ്ടാലോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശിച്ചു.
വിവിധ രഹസ്യാന്വേഷണ ഏജൻസികൾ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. മാൽപെ ബീച്ച്, തുറമുഖ പ്രദേശങ്ങൾ, ശ്രീകൃഷ്ണ മഠം, റെയിൽവേ സ്റ്റേഷനുകൾ, മറ്റ് മത, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഡോഗ് സ്ക്വാഡുകൾ ഉപയോഗിച്ച് തിരച്ചിൽ നടക്കുന്നുണ്ട്. പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായി സീ റെസ്ക്യൂ ഡിവിഷനിലെ (എസ്.ആർ.ഡി) അംഗങ്ങൾ ഗ്രാമപ്രദേശങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇതുവരെ സംശയാസ്പദമായ ആരെയും കണ്ടെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.