മംഗളൂരു: ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ മംഗളൂരു സ്വദേശിയായ 43കാരന് രണ്ട് കോടിയിലധികം രൂപ നഷ്ടപ്പെട്ടതായി പരാതി. 2022 മേയ് ഒന്നു മുതലാണ് തട്ടിപ്പ് നടന്നതെന്ന് സിറ്റി സി.ഇ.എൻ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
അങ്കിത് എന്നയാൾ തങ്ങളുടെ പ്ലാറ്റ്ഫോം വഴി നടത്തുന്ന ഏതൊരു നിക്ഷേപവും ഇരട്ടി വരുമാനം നൽകുമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. ഉയർന്ന ലാഭം നേടുന്നതിന് വിദേശ നിക്ഷേപങ്ങൾ കൈകാര്യം ചെയ്തിരുന്ന സുമിത് ജയ്സ്വാൾ, കുശാഗർ ജെയിൻ, അഖിൽ എന്നീ മൂന്ന് കൂട്ടാളികളെയും പരിചയപ്പെടുത്തി. അങ്കിത്തിന്റെ അവകാശവാദങ്ങളിൽ വിശ്വസിച്ച പരാതിക്കാരൻ തുടക്കത്തിൽ ക്യു.ആർ കോഡ് വഴി 3500 രൂപ നൽകി.
1000 രൂപ ലാഭം ലഭിച്ചു. തുടർന്നുള്ള മാസങ്ങളിൽ വലിയ തുകകൾ നിക്ഷേപിക്കാൻ തുടങ്ങി. സ്വന്തം ബാങ്ക് അക്കൗണ്ടുകളിൽനിന്നും അമ്മാവന്റെയും ഭാര്യയുടെയും മരുമകളുടെയും അക്കൗണ്ടുകളിൽനിന്നും ഘട്ടംഘട്ടമായി പണം കൈമാറി. 2022 മേയ് മുതൽ 2025 ആഗസ്റ്റ് 29 വരെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് യു.പി.ഐ, ഐ.എം.പി.എസ് ഇടപാടുകൾ വഴി രണ്ടു കോടിയിലധികം രൂപ അയച്ചു. എന്നാൽ, അടുത്തിടെ പ്രതികളുമായുള്ള ആശയവിനിമയങ്ങൾ നിലച്ചു.
അങ്കിത്തിനെ ബന്ധപ്പെട്ടപ്പോൾ മറ്റുള്ളവർ തന്നെ വഞ്ചിച്ചുവെന്നാണ് പറഞ്ഞത്. പിന്നീട് മൂവരും പരാതിക്കാരനെ വിളിച്ച് വധഭീഷണി മുഴക്കുകയും പൊലീസിനെ സമീപിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതോടെ പരിഭ്രാന്തനായി പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.