ബംഗളൂരു: നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകളുടെ സേവനങ്ങൾ സംബന്ധിച്ച പ്രചാരണ പരിപാടികൾക്കായി ജൂലൈ 31 വരെ സംഘടിപ്പിക്കുന്ന പ്രചാരണ മാസാചരണത്തിന് തുടക്കമായി.
എൻ.ആർ.കെ ഐ.ഡി കാർഡ്, ഗുരുതര രോഗങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസ്, വിദേശ കേരളീയർക്കായുള്ള പ്രവാസി ഐ.ഡി കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ് എന്നീ സേവനങ്ങൾ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം.
ഐ.ഡി കാർഡ് എടുത്തവർക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനും പുതുക്കാൻ വൈകിയവർക്ക് കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ രണ്ടു വർഷമായി താമസിച്ച് ജോലി ചെയ്തുവരുന്ന 18 നും 70 നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് എൻ.ആർ.കെ ഐ.ഡി കാർഡിന് അപേക്ഷിക്കാം. 18 നും 60 നും ഇടയിൽ പ്രായമുള്ളവർക്ക് നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം.
എൻ.ആർ.കെ ഐ.ഡി കാർഡുകൾക്ക് 3 വർഷവും നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസിന് ഒരു വർഷവുമാണ് കാലാവധി. കർണാടകയിലെ പ്രവാസി മലയാളികൾക്ക് www norkaroots.kerala.gov.in എന്ന വെബ് സൈറ്റിലൂടെയോ മലയാളി സംഘടനകൾ മുഖേനയോ നോർക്ക ഇൻഷുറൻസ് പദ്ധതികളിൽ ചേരാം. കൂടുതൽ വിവരങ്ങൾക്ക് ബംഗളൂരു നോർക്ക ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 080- 25585090, ടോൾ ഫ്രീ നമ്പർ: 1800 425 3939 .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.