ബംഗളൂരു: വിജയപുര ജില്ലയിൽനിന്ന് ഒമ്പത് നാടൻ പിസ്റ്റളുകളും 24 ഉപയോഗിക്കാത്ത വെടിയുണ്ടകളും പിടിച്ചെടുത്തു. ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. ജനുവരി 28ന് നടന്ന സതീഷ് പ്രേം സിങ് റാത്തോഡിന്റെ കൊലപാതകത്തെത്തുടർന്നുള്ള അന്വേഷണത്തിലാണ് ആയുധങ്ങൾ പിടികൂടിയതെന്ന് വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗി ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഭവദിവസം വിജയപുര റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ അരിക്കേരി തണ്ടയിൽനിന്ന് രമേശ് ലമാനി, സതീഷ് റാത്തോഡിനെ വെടിവെച്ചുകൊന്നെന്ന് എസ്.പി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഫെബ്രുവരി 13നാണ് സുരേഷ് റാത്തോഡ് എന്ന സാഗറിനെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിൽ മധ്യപ്രദേശിൽനിന്ന് പിസ്റ്റൾ വാങ്ങി രമേശ് ലമാനിക്ക് നൽകിയതായി സാഗർ വെളിപ്പെടുത്തിയതായി നിംബർഗി പറഞ്ഞു. മധ്യപ്രദേശിൽനിന്ന് നാടൻ പിസ്റ്റളുകൾ കൊണ്ടുവന്ന് വിവിധ വ്യക്തികൾക്ക് ഇയാൾ വിതരണം ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. വിജയപുരയിൽനിന്നുള്ള പ്രകാശ് റാത്തോഡ്, അശോക് പാന്ദ്രെ, സുജിത് റാത്തോഡ്, സുഖ്ദേവ് റാത്തോഡ്, സിന്ദഗി താലൂക്കിൽനിന്നുള്ള പ്രകാശ് റാത്തോഡ്, ഗണേശ് ശിവറാം ഷെട്ടി, ചന്നപ്പ മല്ലപ്പൻ മല്ലോദ് എന്നിവരെയാണ് ആയുധ നിയമപ്രകാരം അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഒമ്പത് പ്രതികളെയും പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാഗർ ഈ പിസ്റ്റളുകൾ ഓരോന്നിനും 50,000 രൂപ മുതൽ ലക്ഷം രൂപ വരെ വിലക്ക് വിറ്റിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി അയാൾ ഇത് ചെയ്തുവരുന്നു. ലോറി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിൽ മധ്യപ്രദേശിൽനിന്നുള്ള ഒരാളുമായി അയാൾ ബന്ധപ്പെട്ടു. അയാളിൽനിന്നാണ് പിസ്റ്റളുകൾ വാങ്ങിയിരുന്നതെന്ന് നിംബർഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.