ബംഗളൂരു: മൈസൂരുവിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ചു പ്രതികൾക്ക് മൈസൂരുവിലെ ഏഴാം അഡീ. ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 20 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ശാന്തിനഗർ സ്വദേശി റഫീഖ് അഹമ്മദ് (26), രണ്ടാം പ്രതി മണ്ടി മൊഹല്ല സ്വദേശി ആർ. മഞ്ജുനാഥ് (25), മൂന്നാം പ്രതി ലഷ്കർ മൊഹല്ല സ്വദേശി മനു (23), നാലാം പ്രതി ലഷ്കർ മൊഹല്ല സ്വദേശി രേവണ്ണ (27), അഞ്ചാം പ്രതി ലഷ്കർ മൊഹല്ല സ്വദേശി കൃഷ്ണ (40) എന്നിവരാണ് ശിക്ഷിക്കപ്പെട്ടവർ. 2021 ഫെബ്രുവരി 15ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
രാത്രി ഒമ്പതോടെ, റഫീഖ് ഒരു സ്ത്രീക്കൊപ്പം ലഷ്കർ മൊഹല്ലക്ക് സമീപമുള്ള ബെങ്കി നവാബ് സ്ട്രീറ്റിലെ കടയുടെ മുന്നിലെത്തി. തുടർന്ന് അതേ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയും പിന്നീട് മറ്റൊരു കടക്ക് സമീപമുള്ള വെളിച്ചം കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി വീണ്ടും പീഡിപ്പിക്കുകയുമായിരുന്നു.
കൂട്ട പീഡനത്തെ തുടർന്ന് യുവതി മരണപ്പെടുകയായിരുന്നു. യുവതി അബോധാവസ്ഥയിലാണെന്ന് കരുതിയ പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്ന്, അന്നത്തെ ദേവരാജ ഇൻസ്പെക്ടർ ആർ. ദിവാകറും സബ് ഇൻസ്പെക്ടർ രാജുവും അന്വേഷണം ആരംഭിക്കുകയും അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
മൃതദേഹം ലഷ്കർ പൊലീസ് പരിധിയിൽ കണ്ടെത്തിയതിനാൽ, കേസ് പിന്നീട് ലഷ്കർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിചാരണക്ക് നേതൃത്വം നൽകിയ ജഡ്ജി എം. രമേശ്, സി.സി.ടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ, ഡോഗ് സ്ക്വാഡ് റിപ്പോർട്ട്, ഡി.എൻ.എ വിശകലനം എന്നിവയുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി അഞ്ചുപേർക്കും 20 വർഷം കഠിന തടവ് വിധിക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറായി കെ. നാഗരാജു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.