ബംഗളൂരു: സഹജ സമൃദ്ധ, റീബിൽഡ് ഇന്ത്യ, സഹജ സീഡ്സ് എന്നിവയുമായി സഹകരിച്ച് ശനി, ഞായർ ദിവസങ്ങളിൽ മൈസൂരുവിൽ വിത്തുത്സവം നടക്കും. നഗരത്തിലെ നഞ്ചരാജ ബഹദൂർ ചൗൾട്രിയിൽ രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് വിത്ത് ഉത്സവം സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തുടനീളമുള്ള വിത്ത് സംരക്ഷകർ, കർഷക ശാസ്ത്രജ്ഞർ, കാർഷിക പ്രേമികൾ, ഉപഭോക്താക്കൾ എന്നിവരെ ഒരുമിപ്പിച്ച് തദ്ദേശീയ വിത്ത് വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ആഘോഷിക്കുക എന്നതാണ് വിത്തുത്സവത്തിന്റെ ലക്ഷ്യം. 100ൽ അധികം ഇനം നാടൻ അരി, തിന, പയർവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ എന്നിവ പ്രദർശിപ്പിക്കും. വ്യത്യസ്ത നിലക്കടല ഇനങ്ങളുടെ പ്രദർശനം ഉണ്ടാകും.
വിവിധ മുതിര ഇനങ്ങളും മൂല്യവർധിത ഉൽപന്നങ്ങളും അവതരിപ്പിക്കും. മൺസൂൺ വിത സീസണിനായി സിദ്ധ സന്ന, രാജമുടി, സേലം സന്ന, രത്നചൂഡി, സിന്ധൂർ മധുസാലെ, ഗന്ധ സെയിൽ, ദൊഡ്ഡ ബൈര, ബർമ ബ്ലാക്ക്, ചിന്നപൊന്നി, എച്ച്.എം.ടി തുടങ്ങിയ നാടൻ നെല്ലിനങ്ങൾക്കൊപ്പം ജഗലുരു റാഗി, മറ്റു തിന, പച്ചക്കറി വിത്തുകൾ എന്നിവയും ലഭ്യമാകും.
അഞ്ചിനും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി, ‘ഭാവിയിലെ നാടൻ വിത്തുകൾ’ എന്ന പേരിൽ ഒരു ചിത്രരചന മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ചിത്രങ്ങൾ വീട്ടിൽതന്നെ നിർമിച്ച് ഞായറാഴ്ച ഉച്ചക്ക് 12.30നു മുമ്പ് മേളയിൽ എത്തിക്കണം. മികച്ച ചിത്രങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും വിത്ത് തിരിച്ചറിയൽ മത്സരങ്ങളും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 70900-09944.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.