ആകാശ പ്രകടനം
ബംഗളൂരു: ദസറ ആഘോഷത്തിൽ സന്ദർശകരെ ഹരം കൊള്ളിച്ച ആകാശ പ്രകടനത്തിന് ഇത്തവണയും മൈസൂരു സാക്ഷിയാവും. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ടുവരെ നടക്കുന്ന ദസറ ആഘോഷത്തിൽ സെപ്റ്റംബർ 27നാണ് വ്യോമസേനയുടെ സൂര്യകിരൺ ടീം ആകാശത്തിൽ വിസ്മയ പ്രകടനം നടത്തുക.
ഇത്തവണ എയർഷോക്ക് അനുമതി നൽകിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേകം നന്ദി അറിയിച്ച് കത്തയച്ചിരുന്നു. ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) നിർമിച്ച ധ്രുവ് ഹെലികോപ്ടറുകളിലാണ് സാരംഗ് ടീമിന്റെ അഭ്യാസം അരങ്ങേറുക. ദസറ ആഘോഷത്തിൽ വ്യോമപ്രകടനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈ ഒമ്പതിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ ഡൽഹിയിലെത്തി കണ്ടിരുന്നു. 2017, 2018, 2019 വർഷങ്ങളിൽ ബന്നി മൈതാനത്തിന് മുകളിൽ തുടർച്ചയായി എയർഷോ അരങ്ങേറിയിരുന്നു. പിന്നീട് 2023ലും അരങ്ങേറി.
ദസറ ആഘോഷത്തിൽ പാലിക്കേണ്ട ശുചിത്വവും സുരക്ഷ സൗകര്യങ്ങളും സംബന്ധിച്ച് മൈസൂരു സിറ്റി കോർപറേഷൻ കമീഷണർ ശൈഖ് തൻവീർ ആസിഫിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പാതകളിലെ കുഴികൾ അടക്കുക, അനധികൃത തെരുവുവ്യാപാരികളെ മാറ്റുക, പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുക, പൊതുശുചിത്വം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ശുചിത്വത്തിന് മുൻഗണന നൽകുന്നതിനൊപ്പം ശുചിത്വ ബോധവത്കരണം നടത്തണമെന്നും അഭിപ്രായമുയർന്നു.
പ്രധാന വഴികളിലെ നടപ്പാതകൾ അനധികൃത വ്യാപാരികൾ കൈവശപ്പെടുത്തുന്നത് വിനോദസഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വിദേശസഞ്ചാരികൾ നഗരം നടന്ന് കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും പാതകൾ നിറഞ്ഞു നിൽക്കുന്ന തെരുവുവ്യാപാരികൾ കാരണം അതിന് കഴിയുന്നില്ലെന്ന് യോഗത്തിൽ വിമർശനമുയർന്നു. ദസറ ഭക്ഷണ മേളയിൽ ഭക്ഷണം പാഴാക്കുന്നത് തടയാൻ ഓൺലൈൻ കാമ്പയിൻ എം.സി.സി ആരംഭിക്കും. ഡിജിറ്റൽ ബോർഡുകൾ സ്ഥാപിച്ച് നാട്ടുകാരോടും വിനോദസഞ്ചാരികളോടും ഭക്ഷണം പാഴാക്കാതിരിക്കാൻ സന്ദേശം നൽകും.
മാലിന്യം വലിച്ചെറിയുന്നവരിൽനിന്ന് കുറഞ്ഞത് 500 രൂപ പിഴ ചുമത്തണമെന്നും പിഴ ചുമത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് 50 മുതൽ 100 വരെ രൂപ പ്രോത്സാഹനം നൽകണമെന്നും മൈസൂരു ഗ്രാഹകര പരിഷത്ത് നിർദേശിച്ചു. ദസറ തുടങ്ങുംമുമ്പ് മൈസൂരുവിലെ റോഡുകളിലെ കുഴികൾ അടക്കണമെന്ന് എം.സി.സി കമീഷണർ നിർദേശിച്ചു. മഴമൂലം ജോലികൾ വൈകിയെങ്കിലും കരാറുകാരനോട് ഉടൻ റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കർശനമായി നിർദേശിച്ചതായും ഇതിനായി ഒമ്പതുകോടി വകയിരുത്തിയതായും കമീഷണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.