കർണാടകയിൽ മുസ്ലിം കാലിക്കച്ചവടക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ മുഖ്യപ്രതി പുനീത് കീരെഹള്ളിയും (മധ്യത്തിൽ) കൂട്ടാളികളും
ബംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയിൽ മുസ്ലിം കാലിക്കച്ചവടക്കാരനായ മാണ്ഡ്യ സ്വദേശി ഇദ്‍രിസ് പാഷയെ (40) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പുനീത് കീരെഹള്ളിയും നാലു കൂട്ടാളികളും രാജസ്ഥാനിൽ അറസ്റ്റിലായി. കൃത്യത്തിനുശേഷം മുങ്ങിയ ഇവരെ രാമനഗര പൊലീസ് പ്രത്യേക സംഘമാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
ആക്രമികളെ കണ്ടെത്താൻ നാലു പൊലീസ് സംഘങ്ങളെ രാമനഗര ജില്ല പൊലീസ് സൂപ്രണ്ട് കാർത്തിക് റെഡ്ഡി നിയോഗിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് സംഭവം. നിയമം ലംഘിച്ചാണ് കാലിക്കടത്തെന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വനേതാവായ പുനീത് കീരെഹള്ളിയുടെ നേതൃത്വത്തിലുള്ള തീവ്ര സംഘടനയായ രാഷ്ട്ര രക്ഷന പദെ (ദേശരക്ഷാസേന)യുടെ ഗോരക്ഷാഗുണ്ടകൾ ഇദ്രീസ് പാഷയുടെയും സഹപ്രവർത്തകരുടെയും ലോറി തടയുകയായിരുന്നു. സെയ്ദ് സഹീർ, ഇർഫാൻ എന്നിവരായിരുന്നു ഇദ്രീസിന്റെ ഒപ്പമുണ്ടായിരുന്നത്.
കന്നുകാലികളെ കൊണ്ടുപോകാനുള്ള രേഖകൾ ഇവരെ ഇദ്രീസ് കാണിച്ചുവെങ്കിലും കീരെഹള്ളി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിന് കഴിയില്ലെന്ന് പറഞ്ഞതോടെ ‘പാകിസ്താനിലേക്കു പോകൂ’ എന്ന് ആക്രോശിച്ച് ഗുണ്ടകൾ കച്ചവടക്കാരെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഇദ്രീസ് പാഷയും ഇർഫാനും രക്ഷപ്പെടാനായി ഓടി. പിറ്റേദിവസമാണ് പാഷയുടെ മൃതദേഹം സത്നുർ ഗ്രാമത്തിലെ റോഡരികിൽ പൊലീസ് സ്റ്റേഷന് മീറ്ററുകൾക്കടുത്ത് കണ്ടെത്തിയത്.
രണ്ടു ലക്ഷം രൂപ നൽകിയില്ലെങ്കിൽ പാഷയെ കൊല്ലുമെന്ന് പാഷയുടെ കുടുംബാംഗങ്ങളെ പുനീത് കീരെഹള്ളി ഭീഷണിപ്പെടുത്തിയിരുന്നു. പാഷയുടെ മൃതദേഹവുമായി ബന്ധുക്കൾ സമരം നടത്തിയതോടെയാണ് കീരെഹള്ളിക്കും കൂട്ടാളികൾക്കുമെതിരെ കൊലക്കുറ്റം, നിയമം ലംഘിച്ചുള്ള റോഡ് തടയൽ, സമാധാനം തകർക്കാനുള്ള ബോധപൂർവ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്.
‘രാഷ്ട്ര രക്ഷന പദെ’ എന്ന പേരിൽ തീവ്ര സംഘടന രൂപവത്കരിച്ച് പ്രവർത്തിക്കുന്ന ഹാസൻ സ്വദേശിയായ പുനീത് കീരെഹള്ളിക്കെതിരെ കർണാടകയിൽ നിരവധി കേസുകളുണ്ട്. ഹലാൽ ഭക്ഷണത്തിനെതിരെയും മുസ്ലിം കച്ചവടക്കാരെ ക്ഷേത്രോത്സവങ്ങളിൽനിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ട് ഇയാളുടെ നേതൃത്വത്തിൽ കാമ്പയിൻ നടത്തിയിരുന്നു.
കീരെഹള്ളിക്ക് ഉന്നത ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സൗത്ത്ബംഗളൂരു ബി.ജെ.പി എം.പി തേജസ്വി സൂര്യ, ബി.ജെ.പി ദേശീയ സെക്രട്ടറി സി.ടി. രവി, ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് തുടങ്ങിയവരോടൊപ്പം നിൽക്കുന്ന നിരവധി ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്. സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ കഴിയാത്തതിൽ പ്രതിഷേധമുയർന്നിരുന്നു.
പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഡി.ജി.പിക്ക് നിവേദനം നൽകിയിരുന്നു. ക്രമസമാധാനനില പൂർണമായി തകർന്നെന്നും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത്. സർക്കാറിൽനിന്ന് ജനങ്ങൾ ഒരു സുരക്ഷയും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് അസഹിഷ്ണുത വർധിക്കുകയാണെന്നും സാമുദായിക സൗഹാർദം തകർക്കാനുള്ള തൽപരകക്ഷികളുടെ ശ്രമങ്ങളാണ് ഇത്തരം സംഭവങ്ങൾക്കു പിന്നിലെന്നും മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.