ബംഗളൂരു: കേരളീയ ആധുനികതയുടെ സർഗസ്ഥാനവും സാംസ്കാരിക ജീവിതത്തിലെ സൗമ്യ സാന്നിധ്യവുമായിരുന്നു എം.കെ. സാനു എന്ന് പ്രശസ്ത സാഹിത്യ നിരൂപകനും അധ്യാപകനും വാഗ്മിയുമായ ഡോ. കെ.വി. സജീവൻ. കേരള സമാജം ദൂരവാണി നഗർ സംഘടിപ്പിച്ച പ്രഫ. എം.കെ. സാനു അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിരൂപണങ്ങൾ ശീർഷകം കൊണ്ടും ഉള്ളടക്കം കൊണ്ടും വ്യത്യസ്തങ്ങളായിരുന്നു. എഴുത്തുകാരെ വ്രണപ്പെടുത്താതെ, പറയാനുള്ള കാര്യങ്ങൾ വിട്ടുവീഴ്ചയില്ലാതെ രേഖപ്പെടുത്തുക എന്നതായിരുന്നു രീതി.
ലോകത്തുതന്നെ ഇത്രയും ജീവചരിത്ര ഗ്രന്ഥങ്ങൾ എഴുതിയ മറ്റൊരാളുണ്ടാവില്ല. എം.കെ. സാനു എഴുതിയ ജീവചരിത്രങ്ങളും ജീവചരിത്ര പ്രബന്ധങ്ങളും മലയാള സാഹിത്യത്തിനും സാംസ്കാരിക ജീവിതത്തിനും എന്നും മുതൽക്കൂട്ടാണ്. എഴുത്തുകാരന്റെ ജീവിതത്തിലെ നിർണായക സന്ദർഭങ്ങൾ സൂചിപ്പിച്ച് എഴുത്തിന്റെ സൗന്ദര്യത്തിലേക്ക് വായനക്കാരനെ നയിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
ആ രീതിക്ക് മാതൃകകൾ ഇല്ല. നല്ല ലോകം നിർമിക്കണമെന്ന ആഗ്രഹമാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോയത്. അതിന് അദ്ദേഹത്തെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത് അപരപ്രിയത്വം എന്ന ശ്രീനാരായണ ഗുരുവിന്റെ ആശയമാണ്. മറ്റുള്ളവരോട് പ്രിയം ഉണ്ടാവുക. അതിലാണ് അദ്ദേഹം ഉറച്ചുനിന്നതെന്നും കെ.വി. സജീവൻ പറഞ്ഞു. സാഹിത് വിഭാഗം ചെയർമാൻ കെ. ചന്ദ്രശേഖരൻ നായർ സംവാദം ഉദ്ഘാടനം ചെയ്തു.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷതവഹിച്ചു. സാഹിത്യ വിഭാഗം കൺവീനർ സി. കുഞ്ഞപ്പൻ, ജോയന്റ് സെക്രട്ടറി പി.സി. ജോണി എന്നിവർ സംസാരിച്ചു. സുധാകരൻ രാമന്തളി, ടി.പി. വിനോദ്, അർച്ചന സുനിൽ, രമ പ്രസന്ന പിഷാരടി, എസ്. നവീൻ, വി.കെ. സുരേന്ദ്രൻ, ഡോ. രാജൻ, എസ്.കെ. നായർ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ ആമുഖ പ്രഭാഷണം നടത്തി. ടി.ഐ. ഭരതൻ, കെ. കൃഷ്ണമ്മ, ദോഷി മുത്തു, എ. പത്മനാഭൻ, സൗദ റഹ്മാൻ, സംഗീത രാമചന്ദ്രൻ, ഓമന രാജേന്ദ്രൻ, ഷമീമ, രതീസുരേഷ് എന്നിവർ കവിതകൾ ആലപിച്ചു. വൈസ് പ്രസിഡന്റ് എം.പി. വിജയൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.