എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകളും ട്രോമ സെന്‍ററുകളും സ്ഥാപിക്കും -മുഖ്യമന്ത്രി

ബംഗളൂരു: ഹവേരി ജില്ലയിൽ കാൻസർ സെന്‍റര്‍, ട്രോമ സെന്‍റര്‍, സൂപ്പർ-സ്പെഷാലിറ്റി ആശുപത്രി എന്നിവ സ്ഥാപിക്കുമെന്നും കർണാടകയിലെ മറ്റു ജില്ലകളിലെല്ലാം ഘട്ടംഘട്ടമായി മെഡിക്കൽ കോളജുകളും നൂതന ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ജില്ല ഭരണകൂടം, ജില്ല പഞ്ചായത്ത്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹാവേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികതലത്തില്‍ മികച്ച ആരോഗ്യസേവനങ്ങള്‍ ലഭിക്കുന്നതിനായി എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളജ് ആശുപത്രി, ഒരു സൂപ്പർ-സ്പെഷാലിറ്റി ആശുപത്രി, ഒരു കാൻസർ ആശുപത്രി, ഒരു ട്രോമ സെന്‍റര്‍ എന്നിവ സ്ഥാപിക്കും. പൊതുജനാരോഗ്യ സംരക്ഷണത്തിനായി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. തന്‍റെ മുൻ ഭരണകാലത്താണ് ഹാവേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രി എന്ന നിലയിൽ എല്ലാ ജില്ലകൾക്കും ഒരു മെഡിക്കൽ കോളജ് വേണമെന്ന് താൻ പ്രഖ്യാപിച്ചിരുന്നു.

കർണാടകയിൽ നിലവിൽ ഏകദേശം 71 മെഡിക്കൽ കോളജുകളുണ്ട്. അതിൽ 22 എണ്ണം സർക്കാർ നടത്തുന്നവയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ സര്‍ക്കാര്‍ ആശുപത്രികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. മതം, ജാതി, രാഷ്ട്രീയം എന്നിവക്കതീതമായി സര്‍ക്കാര്‍ എല്ലാവരെയും പരിഗണിക്കുന്നു. ഗാരന്റി പദ്ധതികൾ സമൂഹങ്ങളിലുടനീളമുള്ള ദരിദ്രരിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാരന്റി പദ്ധതികളെല്ലാം സർക്കാറിന്‍റെ ആദ്യ വർഷത്തിൽതന്നെ നടപ്പാക്കി. രണ്ടര വർഷത്തിനിടെ 1.12 ലക്ഷം കോടി രൂപ ഇതിനായി ചെലവഴിച്ചു. കൂടാതെ പ്രതിവർഷം ഏകദേശം 52,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. കര്‍ണാടക പബ്ലിക് സ്‌കൂൾ കെട്ടിടം, ടൂറിസ്റ്റ് ഗെസ്റ്റ് ഹൗസ്, വാൽമീകി ഭവൻ, പുതിയ ലൈബ്രറി, ജില്ല ആശുപത്രികളില്‍ രോഗികള്‍ക്കായി 250 കിടക്ക നല്‍കുന്നതില്‍‍നിന്ന് 500 കിടക്കകളായി ഉയർത്തൽ ഉൾപ്പെടെ നിരവധി പദ്ധതികൾ ഹാവേരിയിൽ ഏറ്റെടുത്തിട്ടുണ്ട്. ഹാവേരി മെഡിക്കൽ കോളജിനായി ചെലവഴിച്ച ഏകദേശം 500 കോടി രൂപയിൽ 194 കോടി രൂപ കേന്ദ്രവും 300 കോടിയിലധികം രൂപ സംസ്ഥാനവുമാണ് നല്‍കിയത്. ഹാവേരിയെ മാതൃക ജില്ലയായി വികസിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Medical colleges and trauma centers will be established in all districts - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.