മംഗളൂരു: വർഗീയ അക്രമങ്ങളിൽ കാസർകോട്-മംഗളൂരു കൂട്ടായ്മ തകർക്കാനുള്ള ദൗത്യത്തിൽ കാസർകോട്, ദക്ഷിണ കന്നട പൊലീസ് കൈകോർക്കുന്നു. പുതുതായി ചുമതലയേറ്റ മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധി കുമാർ റെഡ്ഢി, ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ കുമാർ, കാസർകോട് ജില്ല പൊലീസ് സൂപ്രണ്ട് വിജയ് ഭാരത് റെഡ്ഡി എന്നിവർ തിങ്കളാഴ്ച മംഗളൂരുവിൽ കൂടിക്കാഴ്ച നടത്തി.
കർണാടക-കേരള അതിർത്തിയിൽ അന്തർ സംസ്ഥാന ഏകോപനം ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമുള്ള ചുവടുവെപ്പിന്റെ ഭാഗമാണിതെന്ന് സിറ്റി പൊലീസ് കമീഷണർ മാധ്യമങ്ങളോട് പറഞ്ഞു. ജില്ല തല സഹകരണം വർധിപ്പിക്കുന്നതിനും സെൻസിറ്റീവ് അതിർത്തി പ്രദേശങ്ങളിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് യോഗം.
വർഗീയ കേസുകളിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്തൽ, ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തൽ, മെച്ചപ്പെട്ട ഏകോപനത്തിലൂടെ വർഗീയ സംഘർഷങ്ങൾ കുറക്കൽ, അന്തർ സംസ്ഥാന കുറ്റകൃത്യങ്ങൾ നിയന്ത്രിക്കൽ എന്നിവ ചർച്ച ചെയ്തതായി അറിയിച്ചു.അതിർത്തിയിലൂടെ കന്നുകാലികളുടെയും മണലിന്റെയും അനധികൃത ഗതാഗതം തടയുന്നതിന് സംയുക്ത നിരീക്ഷണവും റെയ്ഡുകളും നടത്തുന്നതും ചർച്ചാ വിഷയമായി.
അതിർത്തിയുടെ ഇരുവശത്തും വർഗീയ കലാപത്തിന് പ്രേരിപ്പിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചു. മംഗളൂരുവിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർഥികളെ സംബന്ധിച്ച പ്രശ്നങ്ങൾ, പ്രത്യേകിച്ച് അവരുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച വിഷയങ്ങൾ ചർച്ചക്ക് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.