വാട്സ് ആപ്പിൽ വർഗീയ പോസ്റ്റ്; മംഗളൂരുവിൽ വയോധികൻ അറസ്റ്റിൽ

മംഗളൂരു: മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിന് പ്രേരിപ്പിക്കുന്ന വാട്സ് ആപ്പ് സന്ദേശം പങ്കുവെച്ച വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. ധർമ്മപാല ഷെട്ടിയാണ് (70) അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു.

"ഹിന്ദു ഗെലെയാര ബലഗ" എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ "മംഗളൂരു ഒരു മിനി ബംഗ്ലാദേശായി മാറുന്നതിന് മുമ്പ് ഹിന്ദുക്കളേ ഉണരൂ..." എന്ന വിവാദ പോസ്റ്റാണ് പങ്കുവെച്ചത്. ബംഗ്ലാദേശികൾ എന്നാരോപിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പലരും ആൾക്കൂട്ട ആക്രമണത്തിന് ഇരകളാകുന്നുണ്ട്. 15 വർഷമായി മംഗളൂരുവിൽ താമസിച്ച് കെട്ടിടനിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ഝാർഖണ്ഡ് സ്വദേശി

ദിൽജൻ അൻസാരി കഴിഞ്ഞ ഞായറാഴ്ച ഇത്തരത്തിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായിരുന്നു. മതം ചോദിച്ച ശേഷം നാലുപേർ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഒരു സ്ത്രീയാണ് അൻസാരിയെ രക്ഷപ്പെടുത്തിയത്.

സംഭവത്തിൽ കുളൂർ സ്വദേശികളായ കെ.മോഹൻ (37) രതീഷ് ദാസ് (32), ധനുഷ് (24), സാഗർ (24) എന്നിവരെ വധശ്രമം കുറ്റം ചുമത്തി കാവൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അൻസാരി കുളൂരിൽ ബസ് ഇറങ്ങിയതിനു പിന്നാലെ പ്രതികൾ തടഞ്ഞുനിർത്തുകയായിരുന്നു. മംഗളൂരു നഗരത്തിൽ ഒരു പ്രത്യേക സ്ഥലത്ത് ബംഗ്ലാദേശികൾ അനധികൃതമായി ഹോട്ടലും അതിന്റെ മറവിൽ അനാശാസ്യ പ്രവർത്തനവും നടക്കുന്നുവെന്നായിരുന്നു 'ഹിന്ദു ഗെലെയാര ബലഗ' വാട്സ് ആപ് ഗ്രൂപ്പിലെ മറ്റൊരു സന്ദേശം.

പരാതി നൽകിയിട്ടും പൊലീസ് നിഷ്ക്രിയമാണെന്നും ഹിന്ദുക്കൾ ഉണരണമെന്ന ആഹ്വാനവും നൽകി. എന്നാൽ ഈ ഹോട്ടൽ 2014ൽ വിലകൊടുത്ത് വാങ്ങിയ സ്ഥലത്താണ് പ്രവർത്തിക്കുന്നതെന്നും അവരിൽ ആരും ബംഗ്ലാദേശിയല്ലെന്നും പൊലീസ് അറിയിച്ചിരുന്നു.

Tags:    
News Summary - Man arrested for sharing objectionable message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.