മന്ത്രി കെ.ജെ. ജോർജ് തന്റെ മണ്ഡലം പര്യടനത്തിനിടെ നിർമാണ തൊഴിലാളികളുമായി
കുശലാന്വേഷണം നടത്തുന്നു
ബംഗളൂരു: സർവജ്ഞനഗർ എം.എൽ.എയും ഊർജ മന്ത്രിയുമായ കെ.ജെ. ജോർജ് തുടർച്ചയായി രണ്ട് ദിവസം പര്യടനം നടത്തി. പദ്ധതികളുടെ നിർവഹണം നേരിട്ട് നിരീക്ഷിച്ചും ജനങ്ങളുമായി സമ്പർക്കം പുലർത്തിയും നടത്തിയ സന്ദർശനം വേറിട്ട അനുഭവമായി. മണ്ഡലത്തിൽ നടക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളുടെ സമഗ്ര പരിശോധന മന്ത്രി നടത്തി. ലിംഗരാജപുര വാർഡിൽ, കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിലും ജനങ്ങളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. കെ-റൈഡ് നിർമിച്ച ബനസ്വാഡി റെയിൽവേ അടിപ്പാതക്കുള്ള നിർദിഷ്ട സ്ഥലം പരിശോധിച്ചു. വാഹന ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത നടപടികൾ സുഗമമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
റോഡുകൾ, പാർക്കുകൾ, ജലവിതരണ കണക്ഷനുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ, അടിപ്പാതകൾ എന്നിവ മന്ത്രി പരിശോധിച്ചു. എല്ലാ പദ്ധതികളും നടപ്പിലാക്കുന്നതിൽ കാര്യക്ഷമത, ഗുണനിലവാരം, നിശ്ചിത സമയപരിധി പാലിക്കൽ എന്നിവക്ക് മുൻഗണന നൽകണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ബനസ്വാഡി, കമ്മനഹള്ളി, കല്യാണനഗർ, കച്ചരക്കനഹള്ളി, ലിംഗരാജപുര, എംഎസ് നഗർ എന്നിവിടങ്ങളിൽ നടത്തിയ പര്യടനത്തിനിടെ മന്ത്രി ജോർജ് താമസക്കാരുമായി നേരിട്ട് ഇടപഴകുകയും അവരുടെ ആശങ്കകൾ കേൾക്കുകയും ചെയ്തു. ചില പദ്ധതികളുടെ മന്ദഗതിയിലുള്ള പുരോഗതിയിൽ നാട്ടുകാർ അതൃപ്തി പ്രകടിപ്പിച്ചു. ത്വരിതപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പുനൽകി.കമ്മനഹള്ളിയിലെ കലമ്മ റോഡിന് സമീപം ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് നടപ്പിലാക്കുന്ന ജലവിതരണ, സീവേജ് നെറ്റ്വർക്ക് നവീകരണ പ്രവൃത്തികൾ മന്ത്രി നിരീക്ഷിച്ചു. എല്ലാ വീടുകൾക്കും വിശ്വസനീയമായ ജലവിതരണവും ഫലപ്രദമായ ഡ്രെയിനേജ് സംവിധാനവും ഉറപ്പാക്കി ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന പദ്ധതിയാണിതെന്ന് മന്ത്രി വിശദീകരിച്ചു. ഈ അവശ്യ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ അദ്ദേഹം ഉത്തരവിട്ടു.
ബനസ്വാഡി ഒ.എം.ബി.ആർ ലേഔട്ടിലെ പെനിയേൽ ചർച്ച് ഏരിയ, കല്യാണനഗർ, എച്ച്.ആർ.ബി.ആർ ലേഔട്ട്, ലിംഗരാജപുരയിലെ കെ.എസ്.എഫ്.സി ലേഔട്ട്, കമ്മനഹള്ളിയിലെ എകെ കോളനിക്കടുത്തുള്ള സേന വിഹാർ പരിസരം, എം.എസ് നഗറിലെ ജാനകിരാമ ലേഔട്ട്, ജയ് ഭാരത് നഗർ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഡ്രെയിനേജ് സിസ്റ്റം പദ്ധതികൾ, ഡോ. എസ്. കുമാർ ലേഔട്ടിലെ അൺകൗണ്ടഡ് ഫോർ വാട്ടർ (യു.എഫ്.ഡബ്ല്യു) പദ്ധതിയുടെ പുരോഗതി എന്നിവ മന്ത്രി അവലോകനം ചെയ്തു. ജലചോർച്ച നിയന്ത്രിക്കുന്നതിനും ബില്ലിങ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കമ്മനഹള്ളിയിലെ ഡോ. രാജ്കുമാർ പാർക്കിലും സമീപ റോഡുകളിലും നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ മന്ത്രി ജോർജ് പരിശോധിച്ചു. ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും താമസക്കാർക്ക് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. പാർക്കിന്റെ പൂർത്തീകരണം വേഗത്തിലാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോടും കരാറുകാരോടും ആവശ്യപ്പെട്ടു.
നന്നായി രൂപകൽപന ചെയ്ത നടപ്പാതകൾ, തുറന്ന ജിംനേഷ്യം, ടോയ്ലറ്റ് സൗകര്യങ്ങൾ, പൊതുജന സൗകര്യത്തിനായി ഉചിതമായ ലാൻഡ്സ്കേപ്പിങ് എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കി. പ്രാദേശിക കോൺഗ്രസ് നേതാക്കളും ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ), ബി.ഡബ്ല്യു.എസ്.എസ്.ബി, കെ-റൈഡ്, ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം), കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡ് (കെ.പി.ടി.സി.എൽ) എന്നിവയിലെ ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.