പ്രിയങ്ക് ഖാർഗെ
ബംഗളൂരു: പിഞ്ചുകുട്ടികളെ ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഡേകെയർ സെന്‍ററുമായി ബന്ധപ്പെട്ട കമ്പനിയിൽനിന്ന് സംസ്ഥാന സർക്കാർ വിശദീകരണം തേടിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ. ജീവനക്കാരുടെ ശരിയായ പശ്ചാത്തല പരിശോധന നടത്തിയിട്ടില്ലെന്ന് സർക്കാർ വിശ്വസിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ ജീവനക്കാരുടെ പശ്ചാത്തല പരിശോധനകൾ ഉടന്‍ നടത്തും.
വനിതാ ശിശുക്ഷേമ വകുപ്പിനും കോർപറേറ്റ് സ്ഥാപനങ്ങൾക്കും ഡേകെയർ സൗകര്യങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന മാർഗനിർദേശങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവം ലജ്ജാകരവും ബംഗളൂരുവിന്‍റെ പ്രതിച്ഛായ നശിപ്പിക്കുന്നതുമാണെന്നും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് അവലോകനം ആരംഭിച്ചതായും വസ്തുതകളും നിലവിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകളും പരിശോധിച്ച ശേഷം അടുത്ത നടപടി തീരുമാനിക്കുമെന്നും കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ (കെ.എസ്.സി.പി.സി.ആർ) വെള്ളിയാഴ്ച അറിയിച്ചു. ഡേകെയറിലെ 35 കുട്ടികളുടെ രക്ഷിതാക്കളുടെ പട്ടിക ഹാജരാക്കാന്‍ പൊലീസിനോട് അഭ്യർഥിച്ചിട്ടുണ്ട്. അത് ലഭിച്ചയുടന്‍ രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് കമീഷൻ ചെയർമാൻ സന്തോഷ് കുമാർ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ, ചെയർപേഴ്‌സൻ, സെക്രട്ടറി എന്നിവർക്കൊപ്പം ഡേകെയർ സെന്‍റര്‍ സന്ദർശിച്ച് പരിശോധന നടത്തിയതായി കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ അംഗം സത്യനാരായണ ഷെട്ടി പറഞ്ഞു. നിലവിലെ സാഹചര്യം പരിശോധിക്കുന്നതിനായി ചെയർപേഴ്‌സനും താനും മാന്യത ടെക് പാർക്കിലെ ചില ഡേകെയർ സെന്‍ററുകള്‍ സന്ദർശിച്ചതായും കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ കമീഷൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഷെട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.