ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ ബംഗളൂരു കേരള സമാജത്തിൽ 13 വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച പഠനപദ്ധതിയുടെ ആദ്യ ബാച്ചിന്റെ ‘നീലക്കുറിഞ്ഞി പരീക്ഷ’ (പത്താം തരത്തിന് തത്തുല്യമായി കേരള പരീക്ഷ ഭവൻ നടത്തുന്നത്) ഞായറാഴ്ച നടക്കും. എച്ച്.എ.എൽ കൈരളി കലാനിലയം സ്കൂളിൽ രാവിലെ പത്തിനാണ് തുടങ്ങുക. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ കോഴ്സുകൾ പൂർത്തിയാക്കിയവരാണ് പരീക്ഷാർഥികൾ.
മൂന്ന് വർഷത്തെ സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞി എഴുതാനുള്ള കുറഞ്ഞ പ്രായപരിധി 17 വയസ്സാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കുന്ന കണിക്കൊന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾക്കായി 10,15 കുട്ടികളെ ചേർത്ത് എല്ലായിടങ്ങളിലും പഠനകേന്ദ്രങ്ങൾ തുടങ്ങി സാംസ്കാരിക കൈമാറ്റ പ്രവർത്തനത്തിൽ പങ്കാളികളാവണമെന്ന് കർണാടക ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാൽ പറഞ്ഞു.
ഉച്ച കഴിഞ്ഞ് 2.30ന് അധ്യാപക സംഗമവും നടക്കും. ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി, നടൻ പ്രകാശ് ബാരെ എന്നിവർ പ്രഭാഷണം നടത്തും. മലയാണ്മ അവാർഡ് ജേതാക്കളായ ടോമി ആലുങ്കൽ, സതീഷ് തോട്ടശ്ശേരി എന്നിവരെ ആദരിക്കും. നീലക്കുറിഞ്ഞി പഠിതാക്കൾക്കും മലയാളം മിഷൻ കഴിഞ്ഞ വർഷം നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും സമ്മാനങ്ങൾ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.