ബംഗളൂരു: അഴിമതിക്കെതിരായ നടപടിയുടെ ഭാഗമായി കർണാടക ലോകായുക്ത പൊലീസ് ഒമ്പത് ജില്ലകളിലായി 12 സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥാപനങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡുകളിൽ 38.10 കോടി രൂപയുടെ വെളിപ്പെടുത്താത്ത സ്വത്തുക്കൾ കണ്ടെത്തി. പ്രതികളുമായി ബന്ധപ്പെട്ട 48 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ബംഗളൂരു അർബൻ, റൂറൽ, ചിത്രദുർഗ, ദാവൺഗരെ, ഹാവേരി, ബിദാർ, ഉടുപ്പി, ബാഗൽകോട്ട്, ഹാസൻ ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു. പിടികൂടിയതിൽ 24.34 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കൾ, കോടിക്കണക്കിന് വിലമതിക്കുന്ന ആഭരണങ്ങൾ, ഓഹരികൾ തുടങ്ങിയവ, 1.20 കോടി രൂപയുടെ പണം എന്നിവ ഉൾപ്പെടുന്നു. ബിദാറിലാണ് ഏറ്റവും കൂടുതൽ പണം കണ്ടെടുത്തത്.
ഒരു ഉദ്യോഗസ്ഥന്റെ വസതിയിൽനിന്ന് 83.09 ലക്ഷം രൂപ പിടിച്ചെടുത്തു. സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ ഗവേഷണ പരിശീലന വകുപ്പ് ഡയറക്ടർ വി. സുമംഗലയാണ് റെയ്ഡിനിരയായ പ്രധാന വ്യക്തികളിലൊരാൾ. നിലവിൽ ഇവർ സസ്പെൻഷനിലാണ്. 7.32 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം. നാല് റെസിഡൻഷ്യൽ പ്ലോട്ടുകൾ, അഞ്ച് വീടുകൾ, 19 ഏക്കർ കൃഷിഭൂമി എന്നിവ അവരുടെ സ്വത്തുക്കളിൽ ഉൾപ്പെടുന്നു.
2.24 കോടി രൂപയുടെ ജംഗമ സ്വത്തുക്കൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു. അവരുടെ മൊത്തം സ്ഥാവര സ്വത്ത് 5.08 കോടി രൂപയാണ്. ഒരു കോടിയിലധികം രൂപയുടെ സ്വർണവും ആഭരണങ്ങളും 96.73 ലക്ഷം രൂപയുടെ ഓഹരികളും കണ്ടെത്തി. ചിത്രദുർഗ ജില്ലയിലെ ഹോളാൽക്കെരെയിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എൻ. ചന്ദ്രശേഖറാണ് അന്വേഷണത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രമുഖൻ. 5.14 കോടി രൂപയുടെ അനധികൃത സ്വത്ത് കൈവശം വെച്ചതായാണ് ആരോപണം.
ലോകായുക്ത റിപ്പോർട്ടിൽ നാല് പ്ലോട്ടുകൾ, മൂന്ന് വീടുകൾ, 15 ഏക്കർ വിസ്തൃതിയുള്ള കൃഷിഭൂമി എന്നിവ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടെന്ന് പറയുന്നു. 60.39 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും 1.12 കോടി രൂപയുടെ ജംഗമ ആസ്തികളും കണ്ടെത്തി. ബംഗളൂരു റൂറൽ ജില്ലയിലെ കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്മെന്റ് ബോർഡിലെ സർവേയറായ എൻ.കെ. ഗംഗാമാരി ഗൗഡ രണ്ട് പ്ലോട്ടുകളും രണ്ട് വീടുകളും ഉൾപ്പെടെ 4.66 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കൈവശം വെച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അദ്ദേഹത്തിന്റെ സ്ഥാവര സ്വത്തുക്കൾ മാത്രം 3.58 കോടി രൂപ വിലമതിക്കും. റെയ്ഡിൽ 7.73 ലക്ഷം രൂപ കണ്ടെടുത്തു. പിടിച്ചെടുത്ത സ്വത്തുക്കൾ പ്രതികളുടെ പ്രഖ്യാപിത വരുമാനവുമായി താരതമ്യം ചെയ്യുന്നതിന് ലോകായുക്ത വിശദ പരിശോധന ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.