ദക്ഷ് എന്‍. സ്വരൂപ്, നസ്രിന് ഷാനിയാസ്
ബംഗളൂരു: ആഗോളതല സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയില്‍ മികച്ച വിജയവുമായി മലയാളം മിഷന് കര്‍ണാടക ചാപ്റ്റര്‍. സബ് ജൂനിയര്‍ വിഭാഗത്തില്‍ ദക്ഷ് എന്‍. സ്വരൂപ് (മൈസൂരു മേഖല), ജൂനിയര്‍ വിഭാഗത്തില്‍ നസ്രിന് ഷാനിയാസ് (സൗത്ത് മേഖല) എന്നിവരാണ് വിജയികള്‍.
നാലാം ക്ലാസ് വിദ്യാര്‍ഥിയായ ദക്ഷ് നാല് വര്‍ഷമായി സംഗീതം അഭ്യസിക്കുന്നു. തൃശൂര്‍ നന്ദിപുലം സ്വദേശിയായ പിതാവ് സ്വരൂപും മാതാവ് രശ്മിയുമാണ് സ്വരൂപിന്റെ ആദ്യ ഗുരുക്കള്‍. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ നസ്രിന് ഷാനിയാസിന്റെ പിതാവ് ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയായ ഷാനിയാസും മാതാവ് സുമയ്യ യൂനുസും കവിതയുടെ ലോകം മകള്‍ക്ക് മുമ്പില്‍ തുറന്നു കൊടുക്കുകയായിരുന്നു. കര്‍ണാടകയില്‍നിന്ന് 100ലധികം കുട്ടികള്‍ സുഗതാഞ്ജലി ആഗോളതല കാവ്യാലാപന മത്സരത്തില്‍ പങ്കെടുത്തിരുന്നു. മേഖല, ചാപ്റ്റര്‍ തുടങ്ങി വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ വിജയിച്ചവരെയാണ് ലോകവ്യാപകമായി നടത്തുന്ന മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്.
ലോകവ്യാപകമായി നടത്തുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിവിധ സാഹിത്യകാരന്മാരുടെ കവിതകള്‍ പഠിച്ച് ബംഗളൂരുവില്‍നിന്നുള്ള 500ഓളം കുട്ടികള്‍ ഭാഷയിലും കവിതയിലും താൽപര്യമുള്ള വലിയ തലമുറയായി വളര്‍ന്നുവരുന്നു എന്നതില്‍ അഭിമാനിക്കുന്നതായി മലയാളം മിഷന് ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി ജെ. ആലുങ്കല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.