ബംഗളൂരു: ആർ.എസ്.എസ് ഒരു സംഘടനയായി നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് കർണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ. അല്ലാത്തപക്ഷം രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കുന്ന പുതിയ നിയമനിർമാണം നടത്തുന്നത് സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കർണാടകയിലെ വർഗീയ സംഘർഷങ്ങൾ നിക്ഷേപങ്ങളെ ബാധിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.
രജിസ്റ്റർ ചെയ്യാത്ത സംഘടനകൾ കോടിക്കണക്കിന് രൂപ സംഭാവന സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ‘നിയമപരമായി സംഭാവനകൾ സ്വീകരിക്കുന്ന സംഘടനകൾ രജിസ്റ്റർ ചെയ്തിരിക്കണം. ഏതെങ്കിലും സംഘടന രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്നത് നിയമവിരുദ്ധമാണ്. അത്തരമൊരു സംഘടന നടത്താൻ എനിക്ക് അനുവാദമുണ്ടോ?’ ഖാർഗെ ചോദിച്ചു. സംഘ്പരിവാന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഇതാദ്യമായല്ല കർണാടക മന്ത്രി വിഷയം ഉന്നയിക്കുന്നത്. മുമ്പ് ഒരു പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുക്കവെ ആർ.എസ്.എസിനെ രജിസ്റ്റർ ചെയ്യിപ്പിക്കുമെന്നും 100 വർഷം രജിസ്റ്റർ ചെയ്യാതെ വിട്ടുവെന്ന് കരുതി ഇനിയുള്ള 100 വർഷത്തേക്ക് രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കാൻ അനുവദിക്കണോ എന്നും ചോദിച്ചിരുന്നു.
അതോടൊപ്പം ആർ.എസ്.എസിന് ലഭിക്കുന്ന സംഭാവനയിലൂടെ വലിയ തോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്നും ഖാർഗെ കൂട്ടിച്ചേർത്തു. ‘അവരുടെ പണത്തിന്റെ ഉറവിടത്തെ കുറിച്ച് ചോദ്യം ചെയ്യുമ്പോൾ ഗുരുദക്ഷിണയാണെന്ന് പറയും. എന്നാൽ നാളെ മറ്റൊരു സംഘടന പതാക ഉയർത്തി പണം ശേഖരിക്കാൻ തുടങ്ങിയാൽ സർക്കാർ അനുവദിക്കുമോ? മറ്റുള്ളവരുടെ ഓരോ രൂപക്കും കണക്ക് ചോദിക്കുമ്പോൾ ആർ.എസ്.എസിന്റെ പണത്തിന് മാത്രം എന്തുകൊണ്ട് കണക്കില്ല’ -ഖാർഗെ ചോദിച്ചു.
ആർ.എസ്.എസിനെതിരെ കടുത്ത ഭാഷയിലാണ് മന്ത്രി പ്രതികരിച്ചത്. ‘ആർ.എസ്.എസ് ചെകുത്താനാണെങ്കിൽ ബി.ജെ.പി അതിന്റെ നിഴലാണ്. ഞങ്ങൾ നിഴലിനോടാണ് പോരാടുന്നത്. ചെകുത്താനെ നേരിട്ടാൽ മാത്രമേ രാജ്യം നന്നാകൂ’ -ഖാർഗെ പറഞ്ഞു. രാഷ്ട്രനിർമാണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവകാശപ്പെടുന്ന ആർ.എസ്.എസ് തങ്ങൾ ചെയ്യുന്ന പത്ത് രാഷ്ട്രനിർമാണ പ്രവർത്തനങ്ങൾ പട്ടികയാക്കി കാണിക്കാനും അദ്ദേഹം വെല്ലുവിളിച്ചു. കൂടാതെ രാഷ്ട്രനിർമാണത്തിനായി ഓരോ കുടുംബവും മൂന്ന് കുട്ടികളെ പ്രസവിക്കണമെന്ന് പറയുമ്പോഴും ആർ.എസ്.എസിലെ യുവാക്കൾ കല്യാണം കഴിക്കാതെ നിൽക്കുന്നത് എന്ത് കൊണ്ടാണെന്നും ഖാർഗെ ചോദിച്ചു.
കഴിഞ്ഞ നവംബറിൽ, ഖാർഗെ ഉൾപ്പെടെയുള്ള നിരവധി കോൺഗ്രസ് നേതാക്കൾ ആർ.എസ്.എസിന്റെ നിയമപരമായ രജിസ്ട്രേഷന്റെയും അവരുടെ ധനസഹായം സംബന്ധിച്ച രഹസ്യസ്വഭാവത്തെയും ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.