ബംഗളൂരു: കൊപ്പൽ താലൂക്കിലെ ഹന്ദ്രാൽ ഗ്രാമത്തിൽ നാലു മാസം ഗർഭിണിയായ സഹോദരിയെ വിവാഹ വീട്ടിൽ വെച്ച് കോടാലികൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമം. ചിറ്റാപൂർ സ്വദേശി മീനാക്ഷിയെ (27) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ സഹോദരൻ മഞ്ജുനാഥാണ് ആക്രമിയെന്ന് ദൃക്സാക്ഷികൾ അറിയിച്ചതായി പൊലീസ് പറഞ്ഞു.
കുറുബ സമുദായത്തിൽപ്പെട്ട മീനാക്ഷി ഒരു വർഷം മുമ്പ് നായക സമുദായത്തിൽ നിന്നുള്ള യുവാവിനെ വിവാഹം കഴിച്ചിരുന്നു. വിവാഹശേഷം ദമ്പതികൾ മറ്റൊരു ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഇവർ അടുത്തിടെ ഹന്ദ്രാൽ ഗ്രാമത്തിൽ എത്തിയിരുന്നു. ഗ്രാമത്തിൽ മീനാക്ഷിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പ്രതി ആക്രമിച്ചതായി പൊലീസ് പറഞ്ഞു. വിവാഹ വേദിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന് കോടാലി ഉപയോഗിച്ച് ആക്രമിച്ചു. ആൾക്കൂട്ടത്തിനു മുന്നിൽ നടത്തിയ ആക്രമണത്തിൽ മീനാക്ഷിയുടെ തലക്കും പുറംഭാഗത്തും ഇടതുകൈയിലും പരിക്കേറ്റു. ഉടൻ കൊപ്പൽ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കൊപ്പൽ ജില്ല പൊലീസ് സൂപ്രണ്ട് ഡോ.റാം എൽ. അരസിദ്ദി ആശുപത്രി സന്ദർശിച്ച് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.