ബംഗളൂരു: കരൾ കൈമാറ്റ ശസ്ത്രക്രിയക്കായി അവയവമെത്തിക്കാൻ സുരക്ഷിത യാത്രയൊരുക്കി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബി.എം.ആർ.സി.എൽ). വെള്ളിയാഴ്ച രാത്രി 8.38ന് വൈറ്റ്ഫീൽഡിലെ വൈദേഹി ആശുപത്രിയിൽനിന്ന് ആംബുലൻസിൽ വൈറ്റ്ഫീൽഡ് മെട്രോ സ്റ്റേഷനിലേക്കാണ് ആദ്യം കരൾ സൂക്ഷിച്ച പെട്ടി എത്തിച്ചത്. കൂടെ ഡോക്ടർമാരടക്കം ഏഴ് ആശുപത്രി സ്റ്റാഫുമുണ്ടായിരുന്നു. വൈറ്റ് ഫീൽഡ് മെട്രോ സ്റ്റേഷനിൽ അസി. സെക്യൂരിറ്റി ഓഫിസറും മെട്രോ ജീവനക്കാരും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി.
ഡോക്യുമെന്റേഷനും സുരക്ഷ പരിശോധനയും പൂർത്തിയാക്കി 8.42ന് മെട്രോ ട്രെയിനിൽ പുറപ്പെട്ടു. 9.48ന് രാജരാജേശ്വരി നഗർ മെട്രോ സ്റ്റേഷനിലെത്തിച്ചേർന്നു. അവിടെ അസി. സെക്യൂരിറ്റി ഓഫിസറും ജീവനക്കാരും ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണത്തിലൂടെ നേരെ ആംബുലൻസിലേക്ക്. കരളുമായി മെഡിക്കൽ സംഘം സ്പർശ് ആശുപത്രിയിലേക്ക്. കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. രാജ്യത്ത് രണ്ടാമതാണ് മെട്രോവഴി അവയവ കൈമാറ്റത്തിനായി യാത്ര നടക്കുന്നതെന്ന് ബി.എം.ആർ.സി.എൽ അധികൃതർ അറിയിച്ചു. കഴിഞ്ഞ ജനുവരി 18ന് ഹൈദരാബാദ് മെട്രോയിൽ ഗ്രീൻ ചാനൽ വഴി കാമിനേനി ഹോസ്പിറ്റലിൽനിന്ന് ഗ്ലെനീഗ്ലസ് ഗ്ലോബൽ ഹോസ്പിറ്റലിലേക്ക് ഹൃദയം എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.