ബംഗളൂരു: കർണാടക നിയമ സർവകലാശാലയുടെ മെയിൻ പരീക്ഷയുടെ ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിലൂടെ ചോർത്തിയ കേസിൽ ലോ കോളജിലെ വൈസ് പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബംഗളൂരു സിറ്റി പോലീസ് കമീഷണർ ബി. ദയാനന്ദ് പറഞ്ഞു.
കോലാർ ജില്ലയിലെ ബസവ ശ്രീ ലോ കോളജിലെ വൈസ് പ്രിൻസിപ്പൽ നാഗരാജ്, വിദ്യാർഥികളായ ജഗദീഷ്, വരുൺ കുമാർ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുവെന്ന് കമീഷണർ സ്ഥിരീകരിച്ചു.
ജനുവരി 23 ന് സംസ്ഥാന നിയമ സർവകലാശാല നടത്താൻ നിശ്ചയിച്ച ഒന്നാം സെമസ്റ്റർ കോൺട്രാക്റ്റ് ലോ പാർട്ട്-1 ചോദ്യപേപ്പർ ടെലിഗ്രാമിലും വാട്സ്ആപ് ഗ്രൂപ്പുകളിലും വൈറലായിരുന്നു. ഇതിനെത്തുടർന്ന് സർവകലാശാല ഉദ്യോഗസ്ഥരും വിജിലൻസ് ഡിവിഷൻ-2 ഓഫിസർ കെ.എൻ. വിശ്വനാഥ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അന്വേഷണത്തിൽ പ്രതികൾ സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ച് ടെലിഗ്രാം ഗ്രൂപ്പുകൾ വഴി ചോദ്യപേപ്പർ ചോർത്തിയതായി സൈബർ ക്രൈം പൊലീസ് കണ്ടെത്തി. അതേ കോളജിലെ വിദ്യാർഥിയായ ജഗദീഷ്, വൈസ് പ്രിൻസിപ്പൽ നാഗരാജിന്റെ മൊബൈൽ ഫോണിൽ നിന്ന് ചോദ്യപേപ്പർ സ്വന്തം ഉപകരണത്തിലേക്ക് മാറ്റുകയായിരുന്നു. അന്വേഷണത്തിൽ ജഗദീഷ് പരീക്ഷാർഥികൾക്ക് ചോദ്യങ്ങൾ ചോർത്തി നൽകി നിയമവിരുദ്ധമായി പണം സമ്പാദിക്കുന്നതായും കണ്ടെത്തി.
കോലാർ ജില്ലയിലെ ബംഗാർപേട്ടിലുള്ള ഒരു ലോ കോളേജിലെ വിദ്യാർഥിയായ വരുൺ കുമാർ, പരീക്ഷക്ക് ഒരു ദിവസം മുമ്പ് കോളജിൽ എത്തിയ ചോദ്യപേപ്പറുകൾ ആക്‌സസ് ചെയ്‌തു. ആരും ശ്രദ്ധിക്കാതെ ചോദ്യങ്ങൾ മൊബൈൽ ഫോണിലേക്ക് പകർത്തി പണത്തിന് പകരം ഓൺലൈനായി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.