ബംഗളൂരു- സേലം റെയിൽ പാതക്ക് മുകളിൽ ബൈയപ്പനഹള്ളി- കെ.ആർ പുരം മെട്രോപാതയിൽ മേൽപാലം സ്ഥാപിച്ചപ്പോൾ
ബംഗളൂരു: കെ.ആർ പുരം മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള പാതയിൽ നമ്മ മെട്രോ ട്രെയിൻ സർവിസ് മാർച്ച് മുതൽ ആരംഭിക്കാൻ തീരുമാനം. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് ഈ പാതയിൽ സർവിസ് നടത്താനാണ് സർക്കാർ നീക്കം.
ബി.ജെ.പി സർക്കാറിന്റെ വികസന പദ്ധതിയായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുന്നിൽകണ്ടാണ് പർപ്പിൾ ലൈനിലെ മുഴുവൻ പ്രവൃത്തിയും പൂർത്തിയാവുന്നതിന് മുമ്പേ പകുതി ഭാഗം യാത്രക്കാർക്കായി തുറന്നു നൽകുന്നത്. എന്തായാലും മെട്രോ പാത ഭാഗികമായെങ്കിലും തുറക്കുന്നത് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന വൈറ്റ്ഫീൽഡ് റോഡിലെ യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ്.
13 കിലോമീറ്റർ വരുന്നതാണ് കെ.ആർ പുരം- വൈറ്റ്ഫീൽഡ് പാത. കെ.ആർ പുരം പിന്നിട്ടാൽ മഹാദേവപുര, ഗരുഡാചരപാളയ, ഹൂഡി ജങ്ഷൻ, സീതാരാമ പാളയ, കുന്ദലഹള്ളി, നല്ലൂർ ഹള്ളി, സാദരമംഗല, പട്ടന്തൂർ അഗ്രഹാര, കാഡുഗൊഡി, ചന്നസാന്ദ്ര, വൈറ്റ്ഫീൽഡ് എന്നിവയാണ് സ്റ്റേഷനുകൾ. കഴിഞ്ഞ ഒക്ടോബറിൽ ഈ റൂട്ടിൽ മണിക്കൂറിൽ 25 കി.മീ വേഗത്തിൽ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു.
ഫെബ്രുവരി 15ന് ശേഷം പാതയുടെ സുരക്ഷ പരിശോധന നടത്താൻ ആവശ്യപ്പെട്ട് റെയിൽവേ സുരക്ഷ കമീഷണർക്ക് (സി.ആർ.എസ്) ബി.എം.ആർ.സി.എൽ എം.ഡി അൻജും പർവേസ് കത്തയച്ചിരുന്നു. നാലുദിവസം നീളുന്ന സുരക്ഷ പരിശോധന പൂർത്തിയായി റെയിൽവേ സുരക്ഷ കമീഷണറിന്റെ പച്ചക്കൊടി ലഭിച്ചാൽ മാർച്ചിൽ മെട്രോ സർവിസ് ആരംഭിക്കും.
10 മിനിറ്റ് ഇടവേളയിൽ അഞ്ച് ജോടി ട്രെയിനുകൾ സർവിസ് നടത്താൻ കഴിയുന്ന പാതയിൽ ആറു കോച്ചുകൾ വീതമുള്ള നാല് ട്രെയിനുകളാണ് സർവിസിനായി ആദ്യമെത്തിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ ട്രെയിനുകൾ എത്തിക്കാനാണ് ബി.എം.ആർ.സി.എൽ തീരുമാനം.കെ.ആർ പുരത്തും വൈറ്റ്ഫീൽഡിലും മെട്രോ സ്റ്റേഷനെയും റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിച്ചുള്ള നടപ്പാലങ്ങളുണ്ടാവും.
ഇൻഫർമേഷൻ ടെക്നോളജി പാർക്ക് ലിമിറ്റഡിന് (ഐ.ടി.പി.എൽ) കീഴിലെ ഇൻർനാഷനൽ ടെക് പാർക് ബംഗളൂരു (ഐ.ടി.പി.ബി) വിൽനിന്ന് പട്ടന്തൂർ അഗ്രഹാര മെട്രോ സ്റ്റേഷനിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള സംവിധാനവും ഒരുക്കും. ഇതുസംബന്ധിച്ച് ബി.എം.ആർ.സി.എല്ലും ഐ.ടി.പി.എല്ലും കരാർ ഒപ്പിട്ടിരുന്നു. ഐ.ടി.ബി.പിയിലെ നിരവധി ഐ.ടി-ഐ.ടി ഇതര കമ്പനികളിലെ ആയിരക്കണക്കിന് ജീവനക്കാർക്ക് പ്രയാസമില്ലാതെ മെട്രോ സ്റ്റേഷനിലെത്താൻ ഇതുപകരിക്കും.
കെ.ആർ പുരം മുതൽ ബൈയപ്പനഹള്ളി വരെയുള്ള 2.5 കിലോമീറ്റർ പാത നിർമാണം അന്തിമ ഘട്ടത്തിലാണ്. കെ.ആർ പുരത്തിനും ബൈയപ്പനഹള്ളിക്കുമിടയിൽ ബന്നിഗനഹള്ളി എന്ന ഒറ്റ സ്റ്റേഷൻ മാത്രമാണുള്ളതെങ്കിലും ബംഗളൂരു- സേലം റെയിൽ പാതയെ മുറിച്ചുകടന്നുപോകുന്ന മെട്രോ ലൈനായതിനാൽ മേൽപാലത്തിന് അനുമതി വൈകിയതോടെ പ്രവൃത്തിയും നീളുകയായിരുന്നു.
ദക്ഷിണ പശ്ചിമ റെയിൽവെയുടെ അനുമതി ലഭിച്ചതോടെ ട്രാക്കിൽ ഓപൺ വെബ് ഗർഡർ (ഒ.ഡബ്ല്യു.ജി) സ്ഥാപിച്ചു. നമ്മ മെട്രോ പാതകളിലെ ആദ്യ ഓപൺ വെബ് ഗർഡർ കൂടിയാണിത്. ഛത്തിസ്ഗഢിൽനിന്ന് 20 ട്രക്കുകളിലായാണ് പാലത്തിന്റെ ഭാഗങ്ങൾ കൊണ്ടുവന്നത്. തറനിരപ്പിൽനിന്ന് 17 മീറ്റർ ഉയരത്തിലായാണ് 63.22 മീറ്റർ വരുന്ന പാലം സ്ഥാപിച്ചത്. ഈ മാസം അവസാനത്തോടെ പാളങ്ങൾ സ്ഥാപിക്കും. പരീക്ഷണ ഓട്ടം രണ്ടു മാസത്തിനകം ആരംഭിച്ചേക്കും.
പിന്നീട് സുരക്ഷ പരിശോധന പൂർത്തിയാക്കി ഈ വർഷം മധ്യത്തോടെ കെ.ആർ പുരം - ബൈയപ്പനഹള്ളി പാതയും സർവിസിനായി തുറന്നു നൽകാനാണ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബി.എം.ആർ.സി.എൽ) ലക്ഷ്യമിടുന്നത്. അതുവരെ മെട്രോ യാത്രക്കാർക്കായി കെ.ആർ പുരം മെട്രോ സ്റ്റേഷനും ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനുമിടയിൽ ഫീഡർ ബസ് സർവിസുകൾ ഏർപ്പെടുത്തുമെന്നും ബി.എം.ആർ.സി.എൽ അധികൃതർ അറിയിച്ചു.
ബൈയപ്പനഹള്ളി- വൈറ്റ് ഫീൽഡ് പാതക്കു പുറമെ പർപ്പിൾ ലൈനിൽ ചെല്ലഘട്ട റൂട്ടും പണി പൂർത്തിയാവാനുണ്ട്.റീച്ച് രണ്ട് ബിയിൽ ഉൾപ്പെടുത്തി കെങ്കേരി മുതൽ ചെല്ലഘട്ട വരെ 1.3 കിലോമീറ്റർ വരുന്നതാണ് പാത. ഇതിൽ ഒരു സ്റ്റേഷനും ഉൾപ്പെടും.
നിലവിൽ കെങ്കേരിയിൽനിന്നാരംഭിച്ച് മെജസ്റ്റിക്കിൽ വന്ന് ബൈയപ്പനഹള്ളി വരെ എത്തി നിൽക്കുന്നതാണ് നമ്മ മെട്രോ പർപ്പിൾ ലൈൻ. ഈ പാതയിൽ ആദ്യ ഘട്ടത്തിലെ ബൈയപ്പനഹള്ളി മുതൽ എം.ജി റോഡ് വരെ 6.7 കിലോമീറ്റർ 2011 ഒക്ടോബറിലും മഗഡി റോഡ് മുതൽ മൈസൂരു റോഡ് വരെ 6.4 കിലോമീറ്റർ പാത 2015 നവംബറിലുമാണ് തുറന്നത്.
എം.ജി റോഡ് മുതൽ മഗഡി റോഡ് വരെയുള്ള 5.12 കിലോമീറ്റർ ഭൂഗർഭ പാത 2016 ഏപ്രിൽ 30നും പ്രവർത്തന സജ്ജമായതോടെ പർപ്പിൾ ലൈനിൽ പൂർണ സർവിസ് ആരംഭിക്കുകയായിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ മെട്രോപാത എന്ന സവിശേഷതയോടെ തുറന്ന പാതയിലാണ് തന്ത്രപ്രധാനമായ വിധാൻ സൗധയും തിരക്കേറിയ എം.ജി റോഡും അടക്കമുള്ള സ്റ്റേഷനുകൾ ഉൾപ്പെടുന്നത്.
മൈസൂരു റോഡ് മുതൽ കെങ്കേരി വരെയുള്ള 7.5 കിലോമീറ്റർ 2021 ആഗസ്റ്റിൽ തുറന്നിരുന്നു. നിർമാണത്തിലിരിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി പർപ്പിൾ ലൈൻ ചെല്ലഘട്ട മുതൽ വൈറ്റ് ഫീൽഡ് വരെ സർവിസ് ആരംഭിക്കുമ്പോൾ 42.53 കിലോമീറ്റർ പാതയിൽ 37 സ്റ്റേഷനുകൾ ഉണ്ടാകും.
നിലവിൽ മെജസ്റ്റിക് സ്റ്റേഷനിൽ വെച്ച് നമ്മ മെട്രോ ഗ്രീൻ ലൈൻ മാത്രമാണ് പർപ്പിൾ ലൈനിനെ ക്രോസ് ചെയ്തുപോകുന്നത്. എം.ജി റോഡ് മെട്രോ സ്റ്റേഷനിൽവെച്ച് ക്രോസ് ചെയ്യുന്ന രീതിയിലാണ് നിർമാണത്തിലിരിക്കുന്ന പിങ്ക് ലൈൻ വിഭാവനം ചെയ്തിരിക്കുന്നത്.
നമ്മ മെട്രോ രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണമാരംഭിച്ച സിൽക്ക് ബോർഡ്- എയർപോർട്ട് മെട്രോ പാതയായ ബ്ലൂ ലൈൻ കെ.ആർ പുരത്തുവെച്ചും മൂന്നാംഘട്ട പദ്ധതിയിലെ നിർദിഷ്ട ഓറഞ്ച് ലൈൻ (ഒ.ആർ.ആർ- വെസ്റ്റ് ലൈൻ) ഹൊസഹള്ളി, മൈസൂരു റോഡ് എന്നീ സ്റ്റേഷനുകളിൽവെച്ചും പർപ്പിൾ ലൈൻ ക്രോസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.